ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന ഈ ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി

Monday 28 July 2025 7:33 PM IST

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. ആറ് സ്കൂളുകളാണ് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്നത്. ഈ സ്കൂളുകൾക്ക് പുറമെ സുരക്ഷ മുൻനിർത്തിക്കൊണ്ട് മറ്റ് 15 സ്കൂളുകൾക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് മഴയ്ക്ക് നേരിയ കുറവ് വന്നിട്ടുണ്ട്. അടുത്ത മൂന്ന് ദിവസം കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് മഞ്ഞ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

വടക്കു പടിഞ്ഞാറൻ മദ്ധ്യപ്രദേശിനും കിഴക്കൻ രാജസ്ഥാനും മുകളിലായി ന്യുനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. ഗുജറാത്ത്‌ തീരം മുതൽ വടക്കൻ കേരള തീരം വരെ തീരത്തോട് ചേർന്നുള്ള ന്യൂനമർദ്ദ പാത്തി ദുർബലമായി. ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂലൈ 28 , 29 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യയുണ്ട്. കേരളത്തിൽ ജുലൈ 28 മുതൽ 30 വരെ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാദ്ധ്യത.