ശ്രീനാരായണഗുരു ഓപ്പൺ യൂണി. കൂടുതൽ പഠനകേന്ദ്രങ്ങൾ

Monday 28 July 2025 10:06 PM IST

കാസർകോട്: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല കേരളത്തെ സമ്പൂർണ്ണ ബിരുദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ കൂടുതൽ പഠന കേന്ദ്രങ്ങൾ തുടങ്ങും. 29 യു.ജി, പി.ജി പ്രോഗ്രാമുകൾ, 3സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ എന്നിവയുടെ അഡ്മിഷൻ തുടങ്ങിയതായി വൈസ് ചാൻസലർ പ്രൊഫ. ഡോക്ടർ വി.പി. ജഗതി രാജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സെപ്തംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. 6 യു.ജി പ്രോഗ്രാമുകൾ നാലുവർഷ ഓണേഴ്‌സ് ഘടനയിലാണ്. ആദ്യബാച്ചിന്റെ ബിരുദദാന ചടങ്ങ് ഉടൻ നടത്തുമെന്നും പറഞ്ഞു.

എം.ബി.എ, എം.സി.എ പ്രോഗ്രാമുകൾ കൂടി യൂണിവേഴ്സിറ്റി ഈ വർഷം ആരംഭിക്കും. ഇതിന് യു.ജി.സിയുടെ അംഗീകാരം ലഭിച്ചു. സയൻസ് ബാച്ചുകൾ കൂടി ആരംഭിക്കുന്നത് സംബന്ധിച്ച ആലോചനകൾ നടക്കുന്നുണ്ട്. സിൻഡിക്കേറ്റ് അംഗം പ്രൊഫ. ഡോ. പി.പി. അജയകുമാർ, തലശ്ശേരി റീജിയണൽ ഡയറക്ടർ പ്രൊഫ. ഡോ. സി.വി.അബ്ദുൽ ഗഫൂർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.