വൈദ്യുതി വേലികൾ കവർന്നത് 91 ജീവൻ

Tuesday 29 July 2025 1:15 AM IST

കൊച്ചി: കൃഷി സംരക്ഷണത്തിനെന്ന പേരിൽ സ്വകാര്യ വ്യക്തികൾ കെ.എസ്.ഇ.ബിയുടെ അനുമതിയില്ലാതെ സ്ഥാപിച്ച കമ്പിവേലികളിൽ നിന്ന് ഷോക്കേറ്റ് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സംസ്ഥാനത്ത് മരിച്ചത് 91 പേർ. 17 മൃഗങ്ങളും ചത്തു.

നാല് സ്ത്രീകൾ ഉൾപ്പെടെ 32 പേർ മരിച്ച പാലക്കാടാണ് മുന്നിൽ. ഒരു സ്ത്രീയും രണ്ടു കുട്ടികളും അടക്കം 16 പേർക്ക് ജീവൻ നഷ്ടപ്പെട്ട മലപ്പുറമാണ് രണ്ടാമത്. കോട്ടയം, എറണാകുളം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ മരണങ്ങളില്ല. ഈ ജില്ലകളിൽ അനധികൃത വൈദ്യുതി വേലികൾ കുറവാണ്.

എറണാകുളം സ്വദേശിയായ രാജു വാഴക്കാലയ്‌ക്ക് വിവരാവകാശ അപേക്ഷയിൽ ലഭിച്ച മറുപടിയിലാണ് ഈ വിവരങ്ങൾ.

സർക്കാരിന്റെയോ കെ.എസ്.ഇ.ബിയുടെയോ അനുമതിയില്ലാതെയാണ് സ്വകാര്യ വ്യക്തികൾ വൈദ്യുതി വേലികൾ കെട്ടുന്നത്. വേലികൾ അനധികൃതമായതിനാലും നിയമമില്ലാത്തതിനാലും ഇവയിൽ നിന്നുള്ള അപകടങ്ങളിൽ കെ.എസ്.ഇ.ബിക്കോ സർക്കാരിനോ നഷ്ടപരിഹാരം നൽകാനാവില്ല.

പരിശോധിക്കാൻ സർക്കാർ

അനധികൃതമായി സംസ്ഥാനത്ത് എവിടെയെല്ലാം വൈദ്യുതി വേലികൾ സ്ഥാപിച്ചിട്ടുണ്ടെന്ന് കണ്ടെത്താൻ കെ.എസ്.ഇ.ബി പരിശോധന നടത്തും. ഇതുമായി ബന്ധപ്പെട്ട് എന്തൊക്കെ നടപടികൾ സ്വീകരിക്കാനാകുമെന്നും അടിയന്തരമായി പരിശോധിക്കും.

കെ. കൃഷ്ണൻകുട്ടി

വൈദ്യുതി മന്ത്രി

അനധികൃത വൈദ്യുതി വേലികളിൽ തട്ടിയുള്ള മരണങ്ങൾ

(ജില്ല, മരണം )

തിരുവനന്തപുരം ----- 10

കൊല്ലം-----03

ആലപ്പുഴ-----02

കോട്ടയം-----00

ഇടുക്കി-----06

പത്തനംതിട്ട-----04

എറണാകുളം-----00

തൃശ്ശൂർ------09

പാലക്കാട്-----32

മലപ്പുറം-------16

വയനാട്------07

കോഴിക്കോട്-----00

കണ്ണൂർ------02

കാസർകോട്-----00

ആകെ ---- 91

ജീവൻ നഷ്ടപ്പെട്ട മൃഗങ്ങൾ

തിരുവനന്തപുരം ----02

കൊല്ലം ----02

തൃശൂർ ----13

ആകെ -----17