വെളിച്ചെണ്ണ വില കുറയ്ക്കാൻ ധാരണ

Tuesday 29 July 2025 12:09 AM IST

വ്യവസായികളുമായി സംസ്ഥാന മന്ത്രിമാർ ചർച്ച നടത്തി

കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയരുന്ന വെളിച്ചെണ്ണ വില കുറയ്ക്കാൻ ഭക്ഷ്യ മന്ത്രി ജി.ആ‌ർ.അനിലും വ്യവസായ മന്ത്രി പി.രാജീവും വ്യവസായികളുമായി നടത്തിയ ചർച്ചയിൽ ധാരണയായി. അമിതലാഭം ഒഴിവാക്കി വിപണിയിൽ വെളിച്ചെണ്ണ ലഭ്യമാക്കാമെന്ന് വ്യവസായികൾ ഉറപ്പു നൽകിയെന്ന് ജി.ആർ.അനിൽ പറഞ്ഞു.

ഓണത്തിന് സപ്ലൈക്കോയുടെ ടെൻ‌ഡറിൽ വ്യവസായികൾക്ക് കുറഞ്ഞ നിരക്കിൽ പങ്കെടുക്കാനാകും. സപ്ലൈകോയിൽ വില കുറയുന്നതോടെ വിപണിയ്ക്കും ആശ്വാസമാകും. സപ്ലൈകൊയ്ക്ക് കുറഞ്ഞ നിരക്കിൽ വെളിച്ചെണ്ണ നൽകുന്നവർക്ക് 15 ദിവസത്തിനകം പണം നൽകും. ആഭ്യന്തര ഉത്പാദനം മെച്ചപ്പെടുത്താനായി കേരഫെഡ് ഉൾപ്പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങളുമായി ചർച്ച നടത്തും. വ്യവസായികൾക്കും കർഷകർക്കും ഉപഭോക്താക്കൾക്കും ഒരേ പോലെ സഹായകരമാകുന്ന രീതിയിൽ വിലക്കയറ്റം നിയന്ത്രിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രിമാർ പറഞ്ഞു.

കൊച്ചിയിൽ നടന്ന ചർച്ചയിൽ അറുപതിലധികം വെളിച്ചെണ്ണ ഉത്പാദകർ പങ്കെടുത്തു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ഡോ.അശ്വതി ശ്രീനിവാസ്, കേരള ടൂറിസം അഡീഷണൽ ഡയറക്ടർ (ജനറൽ) പി.വിഷ്ണുരാജ് എന്നിവർ പങ്കെടുത്തു.

ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കും

സംസ്ഥാനത്ത് വെളിച്ചെണ്ണ ഉത്പാദനം ഉയർത്താൻ വ്യവസായ വകുപ്പ് നടപടികൾ സ്വീകരിച്ചെന്ന് പി.രാജീവ് പറഞ്ഞു. 13 കമ്പനികൾക്ക് നന്മയെന്ന കേരള ബ്രാൻഡ് നൽകി. വെളിച്ചെണ്ണയിലെ മായം ത‌ടയാൻ പരിശോധനകൾ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.