പാലോട് രവിയുടെ ഫോൺ സംഭാഷണം ചോർന്നത് തിരുവഞ്ചൂർ അന്വേഷിക്കും

Tuesday 29 July 2025 12:00 AM IST

തിരുവനന്തപുരം: ഡി.സി.സി പ്രസിഡന്റായിരുന്ന പാലോട് രവിയുടെ ഫോൺ സംഭാഷണം പുറത്തായ സംഭവത്തെക്കുറിച്ച് കെ.പി.സി.സി അച്ചടക്ക സമിതി ചെയർമാൻ കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ അന്വേഷിക്കും. ഫോൺ സംഭാഷണം വിവാദമായതോടെ, പാലോട് രവി ഡി.സി.സി അദ്ധ്യക്ഷ സ്ഥാനം രാജി വച്ചിരുന്നു.

തിരുവഞ്ചൂർ 31ന് മുമ്പ് തലസ്ഥാനത്തെത്തി പാലോട് രവിയുടെയും വാമനപുരം ബ്ളോക്ക് മുൻ സെക്രട്ടറി എ.ജലീലിന്റെയും അഭിപ്രായങ്ങൾ രേഖപ്പെടുത്തും. പാലോടിന്റെ രാജിക്ക് പിന്നാലെ ജലീലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു. പാലോട് രവിക്കെതിരെ നടന്ന സംഘടിത ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഫോൺ സംഭാഷണം ചോർത്തി ചാനലിന് നൽകിയതെന്നാണ് കെ.പി.സി.സി നേതൃത്വത്തിന്റെ വിലയിരുത്തൽ. സംഘടനാ ദൗർബല്യങ്ങൾ പരിഹരിച്ച് പ്രവർത്തനം കൂടുതൽ ശക്തമാക്കുകയെന്ന സദുദ്ദേശ്യത്തോടെയാണ് പാലോട് ഫോൺ സംഭാഷണം നടത്തിയത്.എന്നാൽ അദ്ദേഹം നടത്തിയ ചില പ്രയോഗങ്ങൾ വഹിക്കുന്ന പദവിക്ക് യോജിച്ചതല്ലെന്ന അഭിപ്രായമാണ് മിക്ക നേതാക്കൾക്കുമുള്ളത്. താനല്ല ചാനലിന് സംഭാഷണം ചോർത്തി നൽകിയതെന്ന് ജലീൽ വിശദീകരിച്ചിട്ടുണ്ട്.സമഗ്രമായ അന്വേഷണ റിപ്പോർട്ട് എത്രയും വേഗം കെ.പി.സി.സി നേതൃത്വത്തിന് കൈമാറുമെന്ന് തിരുവഞ്ചൂർ അറിയിച്ചു.