സി.പി.ഐ ജില്ലാ സമ്മേളനം സെമിനാർ
കരുനാഗപ്പള്ളി: സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർത്ഥം കരുനാഗപ്പള്ളി ചാലയ്യം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സെമിനാർ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ സമസ്ത മേഖലകളെയും കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന സാമ്പത്തിക നയമാണ് മോദി സർക്കാർ പിന്തുടരുന്നതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഇതിനെതിരെ ജനങ്ങളുടെ ശക്തമായ പ്രതിരോധനിര രാജ്യത്ത് ഉയരണം. കടൽ മണൽ ഖനനത്തിന്റെ കാണാപ്പുറങ്ങൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് വിഷയാവതരണം നടത്തി.
എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ആർ.സജിലാൽ മോഡറേറ്ററായി. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ്, സി.പി.എം സംസ്ഥാന കമ്മിറ്റി അഗം കെ.വരദരാജൻ, ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ, സി.പി.ഐ ജില്ലാ അസി. സെക്രട്ടറി അഡ്വ. എം.എസ്.താര, സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് അംഗം ഐ.ഷിഹാബ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി സെക്രട്ടറി ജഗത് ജീവൻലാലി സ്വാഗതവും ഓച്ചിറ മണ്ഡലം കമ്മിറ്റി സെക്രട്ടറി എസ്.കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.