ട്രോളിംഗ് നിരോധനം 31ന് അവസാനിക്കും: ആശങ്കയുടെ തിരമുറിച്ച് ആഴക്കടലിലേയ്‌ക്ക്

Tuesday 29 July 2025 12:39 AM IST
ബോട്ട്

കൊല്ലം: ട്രോളിംഗ് നിരോധനം 31ന് അവസാനിക്കെ കടലിലേക്ക് കുതിക്കും മുമ്പുള്ള അറ്റകുറ്റപ്പണിക്ക് പണമില്ലാതെ ജില്ലയിലെ പകുതിയിലേറെ ബോട്ടുകൾ. കപ്പൽ ദുരന്തം സൃഷ്ടിച്ച പ്രതിസന്ധിക്കൊപ്പം ശക്തമായ കാറ്റും മഴയും കാരണം ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ കാര്യമായി മത്സ്യബന്ധനം നടക്കാഞ്ഞതാണ് പ്രശ്നം.

ട്രോളിംഗ് നിരോധനത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലെ വരുമാനമാണ് ബോട്ടുടമകൾ സാധാരണ അറ്റകുറ്റപ്പണിക്കായി നീക്കിവയ്ക്കുന്നത്. കപ്പൽ മുങ്ങിയതിന് പിന്നാലെ ഉയർന്ന ആശങ്കയിൽ അവസാനദിവസങ്ങളിൽ കിട്ടിയ മത്സ്യത്തിന് കാര്യമായ വിലയും ലഭിച്ചിരുന്നില്ല.

ജില്ലയിലെ പകുതിയോളം ബോട്ടുകൾ മാത്രമാണ് അറ്റകുറ്റപ്പണി നടത്തിയത്. അതും കടം വാങ്ങിയാണ്. ബാക്കിയുള്ള ബോട്ടുകൾ കായലരികത്ത് അനങ്ങാതെ കിടന്നപ്പോൾ പിടിച്ച ശംഖും മുരിങ്ങയുമൊന്നും ചുരണ്ടി നീക്കാതെയാകും കടലിലേക്ക് ഇത്തവണ കുതിക്കുക. പുതിയ വലകളും കാര്യമായി വാങ്ങിയിട്ടില്ല. ഉള്ള വലകളുടെ അറ്റകുറ്റപ്പണിയിലാണ് തീരങ്ങളിലെ മത്സ്യത്തൊഴിലാളികൾ.

അറ്റകുറ്റപ്പണിക്ക് പണമില്ലാതെ ബോട്ടുകൾ

 ട്രോളിംഗ് നിരോധനത്തിന് തൊട്ടുമുമ്പ് പണി മുടങ്ങി

 അവസാന ദിവങ്ങളിലെ വരുമാനം അറ്റകുറ്റപ്പണികൾക്ക്

 കപ്പൽ അപകടം പ്രതിസന്ധി സൃഷ്ടിച്ചു

 55 ദിവസം കടൽ അനങ്ങാതെ കിടന്നതിനാൽ കാര്യമായി മത്സ്യം ലഭിച്ചേക്കും

 ആദ്യ ദിവസങ്ങളിലെ വരുമാനം അറ്റകുറ്റപ്പണിക്ക് നീക്കിവയ്ക്കാമെന്ന് കണക്കുകൂട്ടൽ

ഐസ് നിറച്ചുതുടങ്ങി

അവസാനദിവസങ്ങളിൽ ഒരുമിച്ച് കിട്ടാത്തതിനാൽ ബോട്ടുകളിൽ ഐസ് നിറച്ചുതുടങ്ങി. മത്സ്യഫെഡിന്റെ പമ്പ് ഇന്ന് തുറക്കുന്നതോടെ ഡീസലും നിറച്ച് തുടങ്ങും. ട്രോളിംഗ് നിരോധനത്തോടെ നാട്ടിലേക്ക് പോയ ഇതര സംസ്ഥാന തൊഴിലാളികളും മടങ്ങിയെത്തി തുടങ്ങിയിട്ടുണ്ട്. ചെറിയ, ഇടത്തരം ബോട്ടുകൾ കരിക്കാടി, പൂവാലർ, നാരൻ, ടൈഗർ ചെമ്മീൻ ഇനങ്ങളും വലിയ ബോട്ടുകൾ പേക്കണവ, ഓലക്കണവ, കിളിമീൻ, ഉലുവ മീൻ, കഴന്തൻ ചെമ്മീൻ എന്നിവയുമാണ് ആദ്യ ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നത്.

ജില്ലയിൽ ആകെ

900 ബോട്ടുകൾ

ശക്തികുളങ്ങരയിൽ

700

അഴീക്കലിൽ

200

ഒരു ബോട്ടിൽ

10-15 തൊഴിലാളികൾ

ആകെ തൊഴിലാളികൾ

11000 (പകുതിയിലേറെ അന്യസംസ്ഥാനക്കാർ)

ഏറെ കാലത്തിന് ശേഷമാണ് ട്രോളിംഗ് നിരോധനം അവസാനിക്കുന്നതിന് മുമ്പ് വലിയൊരു വിഭാഗം ബോട്ടുകൾക്ക് അറ്റകുറ്റപ്പണി നടത്താൻ കഴിയാത്തത്. ഇനി കടലിൽ പോകുമ്പോൾ മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകളിൽ തട്ടി വല കീറുമെന്ന ആശങ്കയുമുണ്ട്.

പീറ്റർ മത്യാസ്, ബോട്ടുടമ