ഓപ്പറേഷൻ മഹാദേവ് : പഹൽഗാം ഭീകരനെ കാട്ടിൽ കയറി വധിച്ചു #ഭീകരാക്രമണത്തിന്റെ 97-ാം നാൾ ലക്ഷ്യംകണ്ടു

Tuesday 29 July 2025 12:50 AM IST
ഹാഷിം മൂസ എന്ന സുലൈമാൻ ഷാ

ന്യൂഡൽഹി: പഹൽഗാമിൽ ഹിന്ദു നാമധാരികളെ മാറ്റിനിർത്തി പോയിന്റ് ബ്ലാങ്കിൽ കൊലപ്പെടുത്തിയ ലഷ്കറെ ത്വയ്ബ ഉന്നത കമാൻഡർ ഹാഷിം മൂസ എന്ന സുലൈമാൻ ഷായെ സേന വധിച്ചു. 'ഓപ്പറേഷൻ മഹാദേവ്' എന്നു പേരിട്ട സംയുക്ത സേനാ നീക്കത്തിലാണ് ലക്ഷ്യം കണ്ടത്.

മൂന്നു ഭീകരരെയാണ് രാവിലെ 11മണിയോടെ ശ്രീനഗർ ഹാർവാനിൽ ദച്ചിഗാം ദേശീയ പാർക്കിനു സമീപമുള്ള മുൾനാർ വനമേഖലയിൽ വധിച്ചത്.ലഷ്കറെ ത്വയ്ബ ഭീകരനായ ജിബ്രാനും അലിയുമാണ് കൊല്ലപ്പെട്ട മറ്റു രണ്ടുപേർ.മൂന്നുപേരുടെയുംഫൊറൻസിക് പരിശോധയ്ക്കുശേഷമേ സ്ഥിരീകരണം ലഭിക്കൂ.

ശ്രീനഗറിലെ മഹാദേവ് കുന്നുകളുടെ താഴ്‌വാരത്താണ് ഭീകരർ ഒളിച്ചു കഴിഞ്ഞിരുന്നത്. ഉൾക്കാട്ടിൽ ടെന്റിൽ ഉറങ്ങുകയായിരുന്നു. 24 രാഷ്ട്രീയ റൈഫിൾസും, നാലു പാരാ സംഘവുമാണ് കണ്ടെത്തിയത്. തുടർന്ന് സേന വളയുകയായിരുന്നു.ഭീകരർ ആക്രമിക്കാൻ മുതിർന്നതോടെ വെടിവച്ചുവീഴ്ത്തി.വൻ ആയുധശേഖരം കണ്ടെത്തി.

ഭീകരാക്രമണം നടന്ന് 97ാം ദിവസമാണ് ഇവരെ വധിച്ചത്. ഹാഷിം മൂസയെ കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം ജമ്മു കാശ്‌മീർ പൊലീസ് പ്രഖ്യാപിച്ചിരുന്നു.

ഏപ്രിൽ 22ന് പഹൽഗാമിൽ 26പേരുടെ ജീവനാണ് നഷ്‌ടമായത്.

പാക് മുൻ കമാൻഡോ

#ഹാഷിം മൂസ പാക് കരസേനയിലെ സ‌്‌പെഷ്യൽ സർവീസ് ഗ്രൂപ്പിലെ (എസ്.എസ്.ജി) മുൻ പാരാ കമാൻഡോ.

# യുദ്ധമുറകളിലും ചാരപ്രവർത്തനത്തിലും അതീവ പ്രാവീണ്യം. പിന്നീടാണ് ഭീകര സംഘടനയിൽ ചേർന്നത്.

സിഗ്നനിലെ സാമ്യം

പിടിവള്ളിയായി

പഹൽഗാം ആക്രമണസമയത്ത് ഉപയോഗിച്ച സാങ്കേതിക സിഗ്‌നലിന് സമാനമായ ഒന്ന് ജൂലായ് ആദ്യവാരം ദച്ചേഗാം മേഖലയിൽ നിന്ന് ലഭിച്ചിരുന്നു. 14 ദിവസം മുൻപ് സ്ഥിരീകരണം. രണ്ടുദിവസം മുൻപ് ചൈനീസ് നി‌ർമ്മിത സാറ്റലൈറ്ര് ഫോണിൽ നിന്നുള്ള സിഗ്നൽ ലഭിച്ചു. ലഷ്കറെ ത്വയ്ബ ഉപയോഗിക്കുന്ന തരം സാറ്റലൈറ്ര് ഫോണെന്ന് ഉറപ്പായതോടെ കരസേനയും സി.ആർ.പി.എഫും ജമ്മു കാശ്‌മീർ പൊലീസും മേഖല വളഞ്ഞു.