ചെസ് ലോകകപ്പിൽ ദിവ്യാത്ഭുതം, വനിതാ ചെസ് ലോകകപ്പ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി ദിവ്യ ദേശ്‌മുഖ്

Tuesday 29 July 2025 1:07 AM IST

ഫൈനലിലെ ടൈബ്രേക്കറിൽ കൊനേരു ഹംപിയെ കീഴടക്കി

ബാതുമി (ജോർജിയ) : വനിതാ ചെസ് ലോകകപ്പ് കിരീടം ആദ്യമായി ഇന്ത്യയിലേക്കെത്തിച്ച് ചരിത്രമെഴുതി 19കാരി ദിവ്യ ദേശ്‌മുഖ്. ജോർജിയയിലെ ബാത്തുമിയിൽ ഇന്ത്യൻ താരങ്ങൾ മുഖാമുഖം വന്ന ഫൈനലിൽ 38കാരിയായ കൊനേരു ഹംപിയുടെ പരിചയ സമ്പത്തിനെ ടൈബ്രേക്കറിൽ വെട്ടി വീഴ്‌ത്തിയാണ് ദിവ്യ ചാമ്പ്യനായത്. ടൈബ്രേക്കറിലെ ആദ്യ റാപ്പിഡ് ഗെയിമിൽ സമനില പാലിച്ച ദിവ്യ രണ്ടാം റാപ്പിഡ് ഗെയിമിൽ ജയം നേടിയാണ് ചരിത്രം സൃഷ്ടിച്ചത്. റാപ്പിഡ് ഫോർമാറ്റിലെ ലോകചാമ്പ്യനായ ഹംപി വരുത്തിയ പിഴവാണ് ദിവ്യയ്ക്ക് അനുഗ്രഹമായത്.

ശനിയാഴ്‌ചയും ഞായറാഴ്‌ചയുമായി നടന്ന ഫൈനലിലെ ക്ളാസിക് ഫോർമാറ്റിലെ ആദ്യ രണ്ടു ഗെയിമുകളിൽ സമനില പാലിച്ചതിനെ തുട‌ർന്നാണ് ടൈബ്രേക്കറിലേക്ക് നീണ്ടത്. ലോകകപ്പ് നേട്ടത്തോടെ ഗ്രാൻഡ് മാസ്റ്റർ പദവിയും ദിവ്യയെ തേടിയെത്തി.

43

ലക്ഷം രൂപയോളമാണ് ദിവ്യയ്ക്ക് പ്രൈസ് മണിയായി ലഭിക്കുന്നത്. 30 ലക്ഷത്തോളം രൂപ ഹംപിക്ക് ലഭിക്കും.

88

ഇന്ത്യയുടെ 88-ാമത് ഗ്രാൻഡ്മാസ്റ്ററാണ് ദിവ്യ ദേശ്മുഖ്. ഗ്രാൻഡ് മാസ്റ്റർ പട്ടം നേടുന്ന നാലാമത്തെ ഇന്ത്യൻ വനിതയും.

2002ൽ ഹംപി ഗ്രാൻഡ്മാസ്റ്ററാകുമ്പോൾ ദിവ്യ ജനിച്ചിട്ടില്ല. 2005ലാണ് ദിവ്യയുടെ ജനനം.