കൂടത്തായി: റോയിയുടെ മരണം സയനൈഡ് ഉള്ളിൽ ചെന്നെന്ന് മൊഴി

Tuesday 29 July 2025 3:02 AM IST

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസിൽ മുഖ്യപ്രതി ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസ് മരിച്ചത് സയനൈഡ് ഉള്ളിൽ ചെന്നു തന്നെയാണെന്ന് ഫോറൻസിക് സർജൻ ഡോ. പ്രസന്നൻ കോടതിയിൽ മൊഴി നൽകി. പോസ്റ്റുമോർട്ടത്തിൽ ഇത് വ്യക്തമായെന്ന് പ്രോസിക്യൂഷനും മാറാട് പ്രത്യേക കോടതി ജഡ്ജി കെ.സുരേഷ് കുമാർ മുമ്പാകെ അറിയിച്ചു.

റോയ് തോമസിന്റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തത് ഫോറൻസിക് വിഭാഗത്തിലെ ഡോ. ആർ.സോനു ആയിരുന്നെന്നും അദ്ദേഹം മരിച്ചതിനാൽ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം സ്വീകരിച്ചത് താനായിരുന്നുവെന്നും ഡോ.പ്രസന്നൻ മൊഴി നൽകി. മരണകാരണം സയനൈഡാണെന്ന് സംശയരഹിതമായി തെളിഞ്ഞിരുന്നുവെന്നും അറിയിച്ചു.

2011 സെപ്തംബറിൽ ജോളി, റോയ് തോമസിനെ കൊലപ്പെടുത്തിയതെന്നാണ് കേസ്. റോയി തോമസ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു എന്നായിരുന്നു ജോളിയുടെ മൊഴി. കൂടത്തായിയിൽ 2002മുതൽ 2016വരെ ഒരേ കുടുംബത്തിലെ ആറുപേരെ ജോളി കൊലപ്പെടുത്തിയെന്നാണ് കേസ്.