രണ്ടു സ്ത്രീകളുടെ തിരോധാനം: വസ്തു ഇടനിലക്കാരന്റെ വീട്ടുവളപ്പിൽ കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങൾ
ചേർത്തല : ദൂരൂഹസാഹചര്യത്തിൽ രണ്ടു സ്ത്രീകളെ കാണാതായ കേസിന്റെ അന്വേഷണത്തിനിടെ വസ്തു ഇടനിലക്കാരന്റെ വീട്ടുവളപ്പിൽ നിന്നും കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തു. കോട്ടയം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ചേർത്തല പള്ളിപ്പുറം 9ാംവാർഡ് ചെങ്ങുംതറവീട്ടിൽ സെബാസ്റ്റ്യന്റെ (65) വീട്ടുവളപ്പിൽ നിന്നും അവശിഷ്ടങ്ങൾ കണ്ടെത്തിയത്. സെബാസ്റ്റ്യൻ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലായതായാണ് വിവരം.
ചേർത്തല കടക്കരപ്പള്ളി ആലുങ്കൽ സ്വദേശിനി ബിന്ദു പത്മനാഭൻ (47), കോട്ടയം ഏറ്റുമാനൂർ സ്വദേശിനി ജയ്നമ്മ എന്നിവരെ കാണാതായ സംഭവങ്ങളിൽ സെബാസ്റ്റ്യൻ ക്രൈംബ്രാഞ്ചിന്റെ സംശയ നിഴലിലായിരുന്നു. ലഭിച്ച അവശിഷ്ടങ്ങളിൽ ശാസ്ത്രീയപരിശോധന നടത്തിയാലേ ഇതു കാണാതായ സ്ത്രീകളിലാരുടെയെങ്കിലുമാണോയെന്നു തിരിച്ചറിയാനാകുകയുള്ളുവെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഡി.എൻ.എ പരിശോധനയ്ക്കടക്കമുള്ള നടപടികൾ തുടങ്ങി.