മലയോര മേഖലയിൽ മഞ്ഞപ്പിത്തവും പകർച്ചപ്പനിയും വ്യാപിക്കുന്നു

Tuesday 29 July 2025 2:25 AM IST

കാളികാവ് : ഇടവേളയ്ക്കു ശേഷം മലയോര മേഖലയിൽ മഞ്ഞപ്പിത്തവും പകർച്ചപ്പനിയും വ്യാപകം. ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തോട്ടം മേഖലയോട് ചേർന്നുള്ള കാളികാവ്, ചോക്കാട്, കരുവാരക്കുണ്ട് തുടങ്ങിയപഞ്ചായത്തുകളിലാണ് പനി വ്യാപിച്ചിട്ടുള്ളത്.

പലയിടങ്ങളിലും മഞ്ഞപ്പിത്തവും ഡങ്കിയും പടരുന്നുണ്ട്. കാളികാവ് പഞ്ചായത്തിലെ പൂച്ചപ്പൊയിൽ,​ അടക്കാക്കുണ്ട് മേഖലയിലാണ് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

മഴ ശക്തി പ്രാപിച്ചതോടെ രോഗ വ്യാപനം കൂടുതലായിട്ടുണ്ട്.ചികിത്സ തേടിയെത്തുന്നവരെ കൊണ്ട് ആശുപത്രികൾ നിറഞ്ഞിരിക്കുകയാണ് .

കാളികാവ് സി.എച്ച്.സിയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രാവിലെയും വൈകുന്നേരവുമായി ആയിരത്തോളം രോഗികളാണ് ചികിത്സ തേടിയെത്തുന്നത്.

പനി അനിയന്ത്രിതമായി പടർന്നതിനാൽ മലയോരത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

കാളികാവ് സാമൂഹികാരോഗ്യ കേന്ദ്രമാണ് മലയോരത്തെ പ്രധാന ആശുപത്രി.

വ്യാപനമേറുന്നു

  • തോട്ടം മേഖലയോട് ചേർന്നുള്ള ഭാഗങ്ങളിലാണ് രോഗ വ്യാപനം കൂടുതലുള്ളത്.
  • മഴക്കാലത്ത് ശുദ്ധ ജല സ്രോതസ്സുകൾ മലിനമാകുന്നതാണ് മഞ്ഞപ്പിത്തം പടരാൻ ഇടയാക്കുന്നത്.
  • ഒരു വീട്ടിൽ ഒരാൾക്ക് പനി ബാധിച്ചാൽ മറ്റുള്ളവരിലേക്ക് കൂടി പടരുന്നുണ്ട്.
  • പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും പനിയുടെ വ്യാപനം കുറഞ്ഞിട്ടില്ല.
  • രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് ആശുപത്രി അധികൃതരേയും പ്രയാസത്തിലാക്കിയിട്ടുണ്ട്.

മലയോരത്ത് ഡെങ്കിയും മഞ്ഞപ്പിത്തവും വ്യാപിക്കുന്നത് തടയാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.എങ്കിലും ജനങ്ങൾ മുൻകരുതൽ സ്വീകരിക്കണം

അജിആനന്ദ്

കാളികാവ് ഹെൽത്ത് ഇൻസ്പെക്ടർ