ദിവ്യാസ്ത്രം

Tuesday 29 July 2025 2:52 AM IST

വനിതാ ചെസ് ലോകകപ്പ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമായി 19കാരി ദിവ്യ ദേശ്മുഖ്

ഫൈനലിൽ തോൽപ്പിച്ചത് 38കാരിയായ ഇന്ത്യൻ താരം കൊനേരു ഹംപിയെ

ലോകകപ്പ് കിരീടത്തോടൊപ്പം ഗ്രാൻഡ്മാസ്റ്റർ പദവിയും സ്വന്തമാക്കി ദിവ്യ

ചെസ് വിശ്വം ഭരിച്ച വിശ്വനാഥൻ ആനന്ദിന്റെ നാട്ടിൽ നിന്ന് വനിതാ ചെസിലേക്കും പുതിയ റാണിമാരെത്തുകയാണ്. ലോക ചെസിൽ ഇന്ത്യൻ കൗമാരത്തിന്റെ പടയോട്ടം വിളിച്ചറിയിച്ച വർഷമായിരുന്നു 2024. ലോക ചാമ്പ്യനായ ഡി. ഗുകേഷും ചെസ് ഒളിമ്പ്യാഡിൽ സ്വർണം നേടിയ പുരുഷ - വനിതാ ടീമിലെ കൗമാരം കടക്കാത്ത പ്രതിഭകളുമൊക്കെ ചേർന്ന് ഇന്ത്യൻ ചെസിൽ വിരിയിച്ച നവ വസന്തത്തിന്റെ ഒടുവിലെ കണ്ണിയാണ് ഇന്നലെ ജോർജിയയിലെ ബാത്തുമിയിൽ വനിതാ ലോകകപ്പിന്റെ ഫൈനലിൽ കിരീടമണിഞ്ഞ 19കാരി ദിവ്യ ദേശ്മുഖ്.

ലോകകപ്പിൽ തന്നേക്കാൾ റേറ്റിംഗിൽ മുന്നിലുള്ള ഗ്രാൻഡ്മാസ്റ്റർമാരെ മലർത്തിയടിച്ച് ഫൈനലിലെത്തിയതോടെതന്നെ ഇന്റർനാഷണൽ മാസ്റ്റർ മാത്രമായ ദിവ്യ ചരിത്രനായികയായി മാറിയിരുന്നു. വനിതാ ലോകകപ്പിന്റെ ഫൈനലിൽ കളിക്കാൻ യോഗ്യത നേടിയ ആദ്യ ഇന്ത്യക്കാരിയാണ് നാഗ്പ്പൂരുകാരിയായ ദിവ്യ. പിന്നാലെയാണ് 38കാരിയായ ഹംപി ഫൈനലിൽ കടന്നത്. ഫൈനൽ ടൈബ്രേക്കറിൽ ഹംപിയെ തറപറ്റിച്ചതോടെ ലോകകപ്പ് കിരീടത്തോടൊപ്പം ഗ്രാൻഡ് മാസ്റ്റർ പട്ടവും നേരിട്ട് ദിവ്യയിലേക്കെത്തി.

കഴിഞ്ഞ വർഷം നടന്ന ചെസ് ഒളിമ്പ്യാഡിൽ ടീം സ്വർണവും വ്യക്തിഗതസ്വർണവും നേടിയ ദിവ്യ അട്ടിമറികളിലൂടെയാണ് ലോകകപ്പിലെ മിന്നുംതാരമായത്. ഇതുവരെ ഗ്രാൻഡ് മാസ്റ്റർ പദവിയിലേക്ക് എത്തിയിട്ടില്ലാത്ത ഈ കൗമാരക്കാരി തന്നേക്കാൾ റേറ്റിംഗിൽ മുന്നിലുള്ള താരങ്ങളെയാണ് ബാത്തുമിയിൽ മറികടന്നത്. സെമിവരെയുള്ള ആറ് റൗണ്ടുകളിൽ രണ്ടുതവണ ടൈബ്രേക്കറിൽ വിജയം നേടി. നാലാം റൗണ്ടിൽ ചൈനീസ് ഗ്രാൻഡ്‌മാസ്റ്റർ സു ജിനെറെയും ക്വാർട്ടർ ഫൈനലിൽ തന്റെ ഇരട്ടി പ്രായമുള്ള ഇന്ത്യൻ ഗ്രാൻഡ്സ്റ്റർ ഡി.ഹരികയേയുമാണ് ടൈബ്രേക്കറിൽ കീഴടക്കിയത്. സെമിയിൽ മുൻ ലോക ചാമ്പ്യനായ ചൈനീസ് താരം ടാൻ സോംഗ്ഇയെയാണ് കീഴടക്കിയത്. സെമിയുടെ ആദ്യ ഗെയിമിൽ സമനില വഴങ്ങിയ ദിവ്യ മൂന്നാം സീഡായിരുന്ന ചൈനീസ് താരത്തെ രണ്ടാം ഗെയിമിൽ 101 നീക്കങ്ങൾ നീണ്ട പൊരിഞ്ഞ പോരാട്ടത്തിനൊടുവിൽ അടിയറവ് പറയിക്കുകയായിരുന്നു.

ഇതോടെയാണ് ദിവ്യ തന്റെ ആദ്യ ഗ്രാൻഡ് മാസ്റ്റർ നോമും അടുത്തവർഷം നടക്കുന്ന കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ മത്സരിക്കാനുള്ള യോഗ്യതയും സ്വന്തമാക്കിയത്. മൂന്നുനോമുകളാണ് ഗ്രാൻഡ് മാസ്റ്റർ പദവിക്ക് വേണ്ടതെങ്കിലും ലോകകപ്പ് നേട്ടത്തോടെ ഫിഡെ നിയമപ്രകാരം നേരിട്ട് ഗ്രാൻഡ് മാസ്റ്റർ പദവിയിലെത്തി. കാഷ്പ്രൈസായി ലഭിക്കുന്നത് ദിവ്യയ്ക്ക് ലഭിക്കുന്നത് 43 ലക്ഷത്തിലധികം രൂപയാണ്. ഹംപിക്ക് 30 ലക്ഷത്തിലധികം രൂപ ലഭിക്കും.

2005 ഡിസംബർ ഒൻപതിന് നാഗ്പൂരിലെ ഒരു മറാത്തി കുടുംബത്തിലാണ് ദിവ്യയുടെ ജനനം. പിതാവ് ജിതേന്ദ്ര ദേശ്മുഖും മാതാവ് നമ്രതയും ഡോക്ടർമാരാണ്.സ്കൂൾ കാലം മുതലേ ചെസിലേക്ക് എത്തിയതാണ് ദിവ്യ. ജൂനിയർതലത്തിൽതന്നെ അന്തർദേശീയ വിജയങ്ങൾ നേടിയതോടെ ശ്രദ്ധ പിടിച്ചുപറ്റി.

ദിവ്യ കരിയർ ഗ്രാഫ്

2020ലെ ഫിഡെ ഓൺലൈൻ ചെസ് ഒളിമ്പ്യാഡിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗം.

2022 ചെസ് ഒളിമ്പ്യാഡിൽ വ്യക്തിഗത വെങ്കലമെഡൽ.

2022ൽ ഇന്ത്യൻ വനിതാ ചെസ് ചാമ്പ്യൻഷിപ്പ് ജേതാവായി.

2023ൽ ഏഷ്യൻ വനിതാ ചെസ് ചാമ്പ്യൻഷിപ്പ് ജേതാവ്.

2024 ഫിഡെ ലോക അണ്ടർ 20 വനിതാ ചെസ് ചാമ്പ്യൻ.

2024 ചെസ് ഒളിമ്പ്യാഡിൽ ടീം സ്വർണം, വ്യക്തിഗത സ്വർണം.

2025 വനിതാ ചെസ് ലോകകപ്പ് കിരീടം

2463

ആയിരുന്നു ദിവ്യയുടെ ലോകകപ്പിന് മുമ്പുള്ള ദിവ്യയുടെ ഫിഡെ റേറ്റിംഗ്. ജൂനിയർ ഗേൾസിൽ റേറ്റിംഗിൽ ഏറ്റവും മുന്നിലുള്ള താരമാണ് ദിവ്യ. സീനിയർ വനിതകളിൽ 18-ാം സ്ഥാനത്ത്. പുതിയ റേറ്റിംഗിൽ 2500 കടക്കും.

പ്രധാനമന്ത്രിയു‌ടെ അഭിനന്ദനം

കഴിഞ്ഞമാസം ലണ്ടനിൽ നടന്ന വേൾഡ് റാപ്പിഡ് ആൻഡ് ബ്ളിറ്റ്സ് ടീം ചെസ്ചാമ്പ്യൻഷിപ്പിൽ ലോക ഒന്നാം നമ്പർ ചൈനീസ് താരം ഹൗ ഇഫാനെ തോൽപ്പിച്ചതിന് ദിവ്യയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചിരുന്നു.

വനിതാ ലോകചാമ്പ്യൻഷിപ്പിനുള്ള എതിരാളിയെ കണ്ടെത്താനുള്ള കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ പങ്കെടുക്കാൻ കഴിഞ്ഞ 34 വർഷത്തിനിടയിൽ യോഗ്യത നേടുന്ന ആദ്യ കൗമാരതാരമാണ് ദിവ്യ.