കുടുംബസമേതം കഴിയുന്ന പ്രവാസികൾക്ക് പണികിട്ടി; പുറത്തിറങ്ങാൻ പോലുമാകുന്നില്ല, ഗൾഫ് രാജ്യത്തെ അവസ്ഥ

Tuesday 29 July 2025 11:05 AM IST

ദുബായ്: യുഎഇയിലുടനീളം താപനില കുതിച്ചുയരുന്നതായി റിപ്പോർട്ട്. പകൽ സമയത്ത് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമായതിനാൽ, ശവസംസ്‌കാരം ഉൾപ്പെടെയുള്ള ചടങ്ങുകൾ പോലും പകൽ സമയത്ത് നടത്തുന്നത് ഒഴിവാക്കാനാണ് അധികൃതർ താമസക്കാരോട് അഭ്യർത്ഥിക്കുന്നത്. ചൂടിന്റെ തീവ്രത കുറവുള്ള അതിരാവിലെ അല്ലെങ്കിൽ സൂര്യാസ്‌തമയ ശേഷം ചടങ്ങുകൾ നടത്തണമെന്ന് ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫേഴ്‌സ്, എൻഡോവ്‌മെന്റ്‌സ്, സകാത്ത് നിർദേശിച്ചു.

ദീർഘനേരം സൂര്യപ്രകാശം ഏൽക്കുമ്പോൾ ഉണ്ടാകുന്ന നിർജ്ജലീകരണം, സൂര്യാഘാതം തുടങ്ങിയ പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിന് രാവിലെ ഒമ്പത് മണിക്കും വൈകിട്ട് അഞ്ച് മണിക്കും ഇടയിൽ പൊതുചടങ്ങുകൾ നടത്തുന്നത് ഒവിവാക്കാനാണ് നിർദേശം. "മനുഷ്യജീവൻ സംരക്ഷിക്കുക എന്നത് ഇസ്ലാമിക നിയമത്തിന്റെ അനിവാര്യ ലക്ഷ്യങ്ങളിലൊന്നാണെന്നും ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫേഴ്‌സ് വ്യക്തമാക്കി.

അസഹനീയമായ ചൂട് കാരണം താമസക്കാർ പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നത് വളരെ കുറഞ്ഞിരിക്കുകയാണ്. പല ചടങ്ങുകളും സൂര്യാസ്‌തമയത്തിന് ശേഷമാണ് നടത്തുക. മാത്രമല്ല, കുടുംബവുമൊത്ത് പാർക്കുകളിലും ബീച്ചുകളിലും എത്തുന്നവർപോലും ഇപ്പോൾ വളരെ കുറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് കുട്ടികൾക്ക് ഈ കാലാവസ്ഥ സഹിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. അതിനാൽ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ താമസസ്ഥലത്ത് നിന്നും പുറത്തിറങ്ങുന്നത് ഇപ്പോൾ വളരെ കുറവാണ്.