'മുടിക്കുത്തിന് പിടിച്ച് വലിച്ചിഴച്ചു, അന്ന് ഭർതൃപിതാവിനെ മർദ്ദിച്ചത് ശല്യം സഹിക്കവയ്യാതെ'; പ്രതികരിച്ച് മരുമകൾ സൗമ്യ 

Tuesday 29 July 2025 12:31 PM IST

പത്തനംതിട്ട: പിതാവിനെ മകനും മരുമകളും മർദ്ദിക്കുന്ന വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വലിയ വടിയെടുത്ത് പിതാവിനെ മർദ്ദിക്കുന്നതായിരുന്നു വീഡിയോയിലുണ്ടായിരുന്നത്. ഇപ്പോഴിതാ അന്ന് സംഭവിച്ചത് എന്താണെന്ന് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മരുമകൾ സൗമ്യ. ഭർതൃപിതാവിനെ മർദ്ദിച്ചത് ശല്യം സഹിക്കാതെ വന്നതോടെയാണെന്ന് സൗമ്യ പറഞ്ഞു. അടൂർ സ്വദേശി തങ്കപ്പനെയാണ് മകൻ സിജുവും മരുമകൾ സൗമ്യയും ചേർന്ന് മർദ്ദിച്ചത്.

മദ്യപിച്ചെത്തുന്ന സമയത്ത് ഭർതൃപിതാവ് മർദ്ദിക്കാറുണ്ടെന്നും അമ്മയുടെ മുന്നിൽവച്ച് മുടിക്കുത്തിന് പിടിക്കുകയും നിലത്തുകൂടി വലിച്ചിഴച്ചിട്ടുണ്ടെന്നും സൗമ്യ പറയുന്നു. വിവാഹം കഴിഞ്ഞ് ഒന്നരമാസം കഴിഞ്ഞപ്പോൾ തന്നെ മർദ്ദിക്കാൻ തുടങ്ങി. മദ്യപിച്ചില്ലെങ്കിൽ അച്ഛൻ സ്‌നേഹമുള്ളയാളാണ്. മദ്യപിച്ചാൽ സ്ഥിരമായി പ്രശ്നങ്ങളുണ്ടാകും. ഇത്രയും കാലം അച്ഛന്റെ ഉപദ്രവം സഹിക്കുക മാത്രമാണ് ചെയ്തത്. എന്നാൽ അന്ന് അച്ഛൻ ചെയ്തത് തന്നെ പ്രകോപിപ്പിച്ചതിനാലാണ് പ്രതികരിച്ചതെന്നും സൗമ്യ വ്യക്തമാക്കുന്നു.

കഴിഞ്ഞ ആഴ്ചയാണ് 'പിതാവിനെ മകനും മരുമകളും ചേർന്ന് മർദ്ദിക്കുന്നു' എന്ന തലക്കെട്ടിൽ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. മകൻ പൈപ്പ് കൊണ്ടും മകൾ വടികൊണ്ടും മർദ്ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത അടൂർ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് തങ്കപ്പൻ കോടതിയിൽ ചെന്ന് പരാതിയില്ലെന്ന് അറിയിച്ചതോടെ ജാമ്യം ലഭിക്കുകയായിരുന്നു.