സംസ്ഥാനത്ത് കാട്ടാന വീണ്ടും ജീവനെടുത്തു, ഇടുക്കിയിൽ ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം
Tuesday 29 July 2025 1:52 PM IST
ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. ഇടുക്കി പെരുവന്താനത്ത് ടാപ്പിംഗ് തൊഴിലാളിക്കാണ് കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്. കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തമൻ (64) ആണ് മരിച്ചത്. മതമ്പയിൽ ഇന്നുരാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.
മതമ്പയിൽ റബർ തോട്ടം പാട്ടത്തിനെടുത്ത് നോക്കിനടത്തുകയായിരുന്നു പുരുഷോത്തമൻ. രാവിലെ പുരുഷോത്തമനും മകനും ചേർന്ന് ടാപ്പിംഗ് നടത്തുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. കാട്ടാന വരുന്നതുകണ്ട് ഇരുവരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പുരുഷോത്തമൻ ആക്രമണത്തിനിരയാവുകയായിരുന്നു.
നാട്ടുകാർ ഓടിക്കൂടി ബഹളം വച്ചതോടെയാണ് ആന കാട്ടിലേയ്ക്ക് തിരികെ പോയത്. പിന്നാലെ വയോധികനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മുണ്ടക്കയത്തെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.