പെൻഷൻ വിതരണം; കെഎസ്ആർടിസിക്ക് 71 കോടി രൂപ അനുവദിച്ചു
Tuesday 29 July 2025 5:01 PM IST
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് പെൻഷൻ വിതരണത്തിന് 71.21 കോടി രൂപ അനുവദിച്ച് സർക്കാർ. ഈ മാസത്തെ സാമ്പത്തിക സഹായത്തിന്റെ ഒരു ഗഡു 20 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. ഈ സർക്കാരിന്റെ കാലത്ത് 6614.21 കോടി രൂപയാണ് കെഎസ്‌ആർടിസിക്ക് സർക്കാർ സഹായമായി ലഭിച്ചത്. ഈ സാമ്പത്തിക വർഷം ബജറ്റിൽ 900 കോടി രൂപയാണ് കോർപറേഷനുള്ള വകയിരുത്തൽ. ഇതിൽ 479.21 കോടി രൂപ ഇതിനകം ലഭ്യമാക്കിയതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.
കഴിഞ്ഞ സാമ്പത്തിക വർഷം ബജറ്റിൽ അനുവദിച്ചിരുന്ന 900 കോടി രൂപയ്‌ക്കുപുറമെ 676 കോടി രൂപ അധികമായി കോർപറേഷന് സർക്കാർ സഹായമായി ലഭിച്ചിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 4963 കോടി രൂപ സഹായമായി അനുവദിച്ചിരുന്നു. ഒന്നും രണ്ടും പിണറായി സർക്കാരുകൾ ആകെ 11,597.21 കോടി കെഎസ്‌ആർടിസിക്ക് സഹായമായി നൽകിയത്.