തുരുത്ത് വിത്തുല്പാദന കേന്ദ്രത്തിൽ സൂപ്രണ്ട് കസേരയിൽ സ്ഥിരം ആളില്ല 'ഓണം ഫെസ്റ്റ്' അനിശ്ചിതത്വത്തിൽ

Wednesday 30 July 2025 12:52 AM IST

ആലുവ: രാജ്യത്തെ ആദ്യ കാർബൺ ന്യൂട്രൽ ഫാമായ ആലുവ തുരുത്ത് വിത്തുല്പാദന കേന്ദ്രം രണ്ട് മാസത്തിലേറെയായി നാഥനില്ലാക്കളരിയായി. ഇതോടെ ജില്ലാ പഞ്ചായത്ത് മാസങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച 'ഓണം ഫെസ്റ്റ്' അനിശ്ചിതത്വത്തിലായി.

ആലുവ ഫാം ഹൗസിൽ സൂപ്രണ്ടായിരുന്ന അസി. ഡയറക്ടർ ലിസിമോൾ ജെ. വടക്കൂട്ട് കഴിഞ്ഞ മേയിൽ ഡെപ്യൂട്ടി ഡയറക്ടറായി തിരുവനന്തപുരത്ത് സ്ഥലം മാറിപ്പോയി. ഇതോടെ ദിവസങ്ങളോളം കസേര ഒഴിഞ്ഞുകിടന്നു.

ഒന്നര മാസമായി ഒക്കൽ ഫാം ഹൗസ് സൂപ്രണ്ട് ബീഥി ബാലചന്ദ്രന് അധിക ചുമതലയാണ്. ആലുവ ഫാം ഹൗസിൽ ആറ് കോടി രൂപയുടെ വികസനം പുരോഗമിക്കുന്നതിനിടെയാണ് സൂപ്രണ്ട് കസേരയിൽ മുഴുവൻ സമയ ആളില്ലാത്തത്.

ഫാം ഫെസ്റ്റിൽ

പ്രഖ്യാപിച്ച 'ഓണം ഫെസ്റ്റ്'

നാല് വശവും പെരിയാറിനാൽ ചുറ്റപ്പെട്ട് കിടക്കുന്ന മനോഹര ഭൂമിയാണ് ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ആലുവ തുരുത്ത് ഫാം. ചങ്ങാടത്തിലായിരുന്നു ജീവനക്കാരുടെ യാത്ര. ഷിപ്പ്‌യാർഡ് 15 പേർക്ക് യാത്ര ചെയ്യാവുന്ന സോളാർ ബോട്ട് അടുത്തിടെ നൽകിയതോടെ സ്ഥലത്തെ ടൂറിസം സാദ്ധ്യതയും പരിഗണനയിലായി. ഇതിന്റെ ഭാഗമായി മേയ് ആദ്യവാരം സംഘടിപ്പിച്ച 'ആലുവ ഫെസ്റ്റ്' വൻ വിജയമായി. മൂന്ന് ദിവസങ്ങളിലായി ആയിരങ്ങളെത്തി. സ്റ്റാളുകളിലും ഗംഭീര കച്ചവടം നടന്നു.

ഇതോടെയാണ് ഓണം ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ സമാപന സമ്മേളനത്തിൽ പ്രഖ്യാപിച്ചത്. എന്നാൽ അതേമാസം സൂപ്രണ്ടിന് സ്ഥാനക്കയറ്റവും സ്ഥലം മാറ്റവുമായത് തിരിച്ചടിയായി.

ആറ് കോടിയുടെ വികസനം

ആറ് കോടി രൂപയുടെ വികസനമാണ് നടക്കുന്നത്. വിദ്യാഭ്യാസ ഫാം ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഫാം സംരക്ഷണത്തിനുമാണ് ആർ.ഐ.ഡി.എഫ് പദ്ധതിക്ക് കീഴിൽ കൃഷി വകുപ്പ് പണം അനുവദിച്ചത്.

വികസന പദ്ധതി

ബോട്ടുജെട്ടി

സംരക്ഷണഭിത്തി

ഫാം റോഡുകൾ

 ട്രെയിനിംഗ് ഹാൾ

 ജലസേചന ചാലുകളുടെ നവീകരണം

പമ്പ് ഹൗസ് നിർമ്മാണം തൊഴിലാളികൾക്ക് വിശ്രമ കേന്ദ്രം

ഇരുനില ഗോശാല

 ഫാമിലേക്ക് തൂക്കുപാലം

അടിയന്തരമായി മുഴുവൻ സമയ സൂപ്രണ്ടിനെ നിയമിക്കം

മനോജ് മൂത്തേടൻ

പ്രസിഡന്റ്

ജില്ലാ പഞ്ചായത്ത്