അലക്ഷ്യ ഡ്രൈവിംഗിനോട് സീറോ ടോളറൻസെന്ന് ഹൈക്കോടതി

Tuesday 29 July 2025 6:41 PM IST

കൊച്ചി: നഗരത്തിൽ അലക്ഷ്യവും അപകടകരവുമായി നീങ്ങുന്ന സ്വകാര്യ ബസുകളുടെയടക്കം കാര്യത്തിൽ അധികൃതർ 'സീറോ ടോളറൻസ്' നിലപാടെടുക്കണമെന്ന് ഹൈക്കോടതി. വിഷയത്തിൽ സഹിഷ്ണുത വേണ്ടെന്നും കർശന നടപടിയെടുക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

കഴിഞ്ഞദിവസം ടൗൺഹാളിന് മുന്നിൽ ബസിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ച സംഭവം പരാമർശിച്ചാണ് കോടതി നിരീക്ഷണം. തന്റെ ഔദ്യോഗിക വാഹനത്തിന് മുന്നിൽ വരെ ബസുകളുടെ മത്സരയോട്ടമുണ്ടായി. പരാതിപ്പെടാനുള്ള ഫോൺ നമ്പർ ബസുകളിൽ എഴുതിവയ്ക്കണമെന്ന കോടതി നിർദ്ദേശം നാലു വർഷമായിട്ടും പാലിച്ചിട്ടില്ലെന്നും ബെഞ്ച് വിമർശിച്ചു. നഗരത്തിലെ അപകടകരമായ ഡ്രൈവിംഗ് തടയാൻ പൊലീസക്കം പല കാര്യങ്ങളും ചെയ്യുന്നുണ്ട്.

 കോടതി നിർദ്ദേശങ്ങൾ

1. ക്യാമറകൾ പ്രയോജനപ്പെടുത്തി നടപടികളും പിഴയും കൂടുതൽ കാര്യക്ഷമമാക്കണം.

2. ബസുകളുടേത് തിരക്കിട്ട ഷെഡ്യൂൾ ആണെന്ന പേരിൽ വിട്ടുവീഴ്ച പാടില്ല.

3. അമിതവേഗത്തിലുള്ള വാഹനങ്ങൾ ഉചിതമായ സ്ഥലത്തുവച്ച് തടഞ്ഞ് നിർദ്ദേശങ്ങൾ നൽകണം.

4. പാലിച്ചില്ലെങ്കിൽ നിരീക്ഷിച്ച് നടപടിയെടുക്കണമെന്നും കോടതി പറഞ്ഞു.

ഒരു കുഴിയാണെങ്കിലും പ്രശ്നം

കോടതി നിർദ്ദേശപ്രകാരം കൊച്ചിയിലെ റോഡ് വിഭാഗം എൻജിനിയർമാർ നേരിട്ട് ഹാജരായിരുന്നു. കലൂർ- കടവന്ത്ര റോഡിൽ കുഴികൾ നികത്തിത്തുടങ്ങിയെന്ന് അറിയിച്ചു. എന്നാൽ പല റോഡുകളിലും അപകടകരമായ കുഴികൾ ഇപ്പോഴുമുണ്ടെന്ന് കോടതി പറഞ്ഞു. കളമശേരി എച്ച്.എം.ടി ജംഗ്ഷനിലെ റോഡ് തകർന്നകാര്യം കോടതി ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഒരു നടപടിയുമില്ല. റോഡുകളിൽ മിനിമം സൗകര്യമെങ്കിലും ഒരുക്കണം.

ചില റോഡുകളിൽ കുഴികൾ കുറവാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടിയതിനെ കോടതി വിമർശിച്ചു. ഒരു കുഴി മതി ഇരുചക്രവാഹന യാത്രികർക്ക് മരണകാരണമാകാനെന്നും ഓർമ്മിച്ചു. ഗട്ടറിൽ വീണ സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ സ്ത്രീയുടെ കത്ത് കോടതിക്ക് ലഭിച്ചിരുന്നു. നഗരത്തിലെ റോഡുകൾ രണ്ടാഴ്ചയ്ക്കകം അറ്റകുറ്റപ്പണി ചെയ്യുമെന്ന സർക്കാരിന്റെ ഉറപ്പ് രേഖപ്പെടുത്തിയ കോടതി ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശിച്ചു.