അങ്കമാലി-കുണ്ടന്നൂർ ബൈപ്പാസ്: നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധർണ
പറവൂർ: ദേശീയപാത 544 അങ്കമാലി - കുണ്ടന്നൂർ ബൈപ്പാസ് നിർമ്മാണത്തിന് സ്ഥലവും കെട്ടിടവും നഷ്ടപ്പെടുന്നവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പറവൂരിലെ ദേശീയപാത സ്ഥലമേറ്റെടുക്കൽ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിന് മുന്നിൽ ധർണ നടത്തി. മുൻമന്ത്രി എസ്. ശർമ്മ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ആന്റണി ഡി. പാറയ്ക്കൽ അദ്ധ്യക്ഷനായി. അൻവർ സാദത്ത് എം.എൽ.എ, കാലടി പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി, കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രിയ രഘു, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആൻസി സിജോ, കെ.വി .അഭിജിത്ത്, ദേശീയപാത 66 ആക്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഹാഷിം ചേന്ദാംപിള്ളി, കെ.എൻ. കൃഷ്ണകുമാർ, ആക്ഷൻ കൗൺസിൽ നേതാക്കളായ പോൾസൺ കുടിയിരുപ്പിൽ, സജി കുടിയിരുപ്പിൽ, റോയി ജെയിംസ്, കെ.യു. ജോർജ്, ജോണി തേക്കാനത്ത് എന്നിവർ സംസാരിച്ചു. ചേന്ദമംഗലം കവലയിൽ നിന്ന് ആരംഭിച്ച പ്രകടനത്തിൽ ബൈപ്പാസ് കടന്നുപോകുന്ന 18 വില്ലേജുകളിൽ നിന്നുള്ള നൂറകണക്കിന് പേർ പങ്കെടുത്തു.