'ഞങ്ങൾ എന്തുചെയ്യണമെന്ന് നിങ്ങൾ പഠിപ്പിക്കേണ്ട', ഓവലിൽ പരിശീലനത്തിനിടെ പിച്ച് ക്യൂറേറ്ററുമായി കോർത്ത് ഗംഭീർ

Tuesday 29 July 2025 8:12 PM IST

ലണ്ടൻ: ടീം പരിശീലനത്തിനിടെ പിച്ച് ക്യൂറേറ്ററുമായി കൊമ്പുകോർത്ത് ഇന്ത്യൻ ക്രിക്കറ്റ് മുഖ്യപരിശീലകൻ ഗൗതം ഗംഭീർ. ചൊവ്വാഴ്‌ച രാവിലെ ഓവലിലാണ് സംഭവം. ഓവലിലെ മുഖ്യ പിച്ച് ക്യൂറേറ്റർ ലീ ഫോർട്ടിസുമായാണ് ഗംഭീർ തർക്കിച്ചത്. ഗ്രൗണ്ടിലെ ഒരു പ്രത്യേക പിച്ചിൽ ടീം ഇന്ത്യയുടെ അംഗങ്ങൾ പരിശീലനം നടത്തിയത് ലീ ഫോർട്ടിസിന് ഇഷ്‌ടമായില്ല. ഇതിനെതിരെ ഫോർട്ടിസ് പറഞ്ഞത് ഗംഭീർ ചോദ്യം ചെയ്‌തതോടെയാണ് സംഭവത്തിന് തുടക്കമായത്.

ഗംഭീറിന് ശേഷം ബാറ്റിംഗ് കോച്ച് സിതാൻശു കോട്ടാക്കുമായും ഫോർട്ടിസ് സംഭാഷണത്തിൽ ഏർപ്പെട്ടു. ഗംഭീറിനെതിരെ ഗ്രൗണ്ട് സ്റ്റാഫ് അംഗങ്ങൾ പരാതി നൽകിയേക്കുമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 'ഞങ്ങൾ എന്തുചെയ്യണമെന്ന് താൻ പറയേണ്ട' എന്ന് പലതവണ ഗംഭീർ ഉറച്ചുപറയുന്നത് സംഭവത്തിന്റെ വീഡിയോയിൽ കാണാം. ഞങ്ങൾ എന്തുചെയ്യണമെന്ന് താങ്കൾക്ക് പറയാനാകില്ല. താങ്കൾ ഒരു ഗ്രൗണ്ട് സ്റ്റാഫ് മാത്രമാണ്.' ഗംഭീർ പറഞ്ഞു.

ഇതോടെ ബാറ്റിംഗ് കോച്ച് സിതാൻശു കോട്ടാക് സംഭവത്തിൽ ഇടപെടുകയും ഫോർട്ടിസിനെ കൂട്ടി ഗ്രൗണ്ടിന്റെ ഒരു ഭാഗത്തേക്ക് നീങ്ങിനിന്ന് സംസാരിക്കുന്നതും കാണാം. ഇതിനുപിന്നാലെ ഇരുവരും പിരിഞ്ഞുപോയി. ജൂലായ് 31നാണ് ഇന്ത്യ-ഇംഗ്‌ളണ്ട് ടെസ്റ്റ് മത്സരങ്ങളിൽ അഞ്ചാമത് മത്സരം തുടങ്ങുക.

പുതുമുഖ താരം സായ് സുദർശൻ, സ്‌പിന്നർ കുൽദീപ് യാദവ് എന്നിവരാണ് ഇന്ത്യൻ ടീമിൽ ആദ്യം പരിശീലനത്തിനെത്തിയത്. നാല് ടെസ്‌റ്റുകളിൽ നിലവിൽ ഇന്ത്യ 1-2ന് പിന്നിലാണ്. രണ്ടാം ടെസ്റ്റിലാണ് ഇന്ത്യ, ഇംഗ്ളണ്ടിനെതിരെ വിജയിച്ചത്.