കൊച്ചി മെട്രോയ്‌ക്കും മുകളിലൂടെ ഉയരപ്പാത പുതിയ ഡി.പി.ആറും തയ്യാർ

Wednesday 30 July 2025 12:14 AM IST

കൊച്ചി: ഇടപ്പള്ളി -അരൂർ ദേശീയപാതയിലെ ഉയരപ്പാത കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം വയഡക്ടിനും മുകളിലൂടെയായിരിക്കുമെന്ന് സ്ഥിരീകരണം. പുതുക്കിയ ഡി.പി.ആറിൽ മെട്രോ വയഡക്ടിനു മുകളിലൂടെയാണ് പാത നിശ്ചയിച്ചിരിക്കുന്നത്. ഇത്തരത്തിലാകും പുതുക്കിയ ഡി.പി.ആറെന്ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിലെ നിർമ്മാണം പരിഗണിക്കാതെയാണ് ഉയരപ്പാതയുടെ ഡി.പി.ആർ തയ്യാറാക്കിയിരുന്നത്. ഇത് പുനർനിശ്ചയിക്കണമെന്ന് ഡി.പി.ആർ കൺസൾട്ടന്റായ ഭോപ്പാൽ ആസ്ഥാനമായുള്ള ഹൈവേ എൻജിനിയറിംഗ് കൺസൾട്ടന്റ്‌സ് ലിമിറ്റഡിനോട് കഴിഞ്ഞ മാർച്ചിലാണ് എൻ.എച്ച്.എ.ഐ. ആവശ്യപ്പെട്ടത്.

വയഡക്ട് ക്രോസ്ഓവറിനുള്ള സൗകര്യം നൽകാൻ എൻ.എച്ച്.എ.ഐ. ആവശ്യപ്പെട്ടതനുസരിച്ചാണ് ഡി.പി.ആർ പുതുക്കിയത്. കുണ്ടന്നൂരിലും വൈറ്റിലയിലും സമാന്തര നിർമ്മാണമാണ് അലൈൻമെന്റ് നിർദ്ദേശിക്കുന്നതെങ്കിലും പാലാരിവട്ടം ബൈപ്പാസ് ജംഗ്ഷനിൽ ക്രോസ് ഓവർ നിർദ്ദേശത്തെക്കുറിച്ച് കൺസൾട്ടന്റ് പഠിക്കേണ്ടതുണ്ടെന്നായിരുന്നു എൻ.എച്ച്.എ.ഐയുടെ വിലയിരുത്തൽ. ഡി.പി.ആർ കൺസൾട്ടന്റായ ഹൈവേ എൻജിനിയറിംഗ് കൺസൾട്ടന്റ്‌സ് ലിമിറ്റഡ് അന്ന് സമർപ്പിച്ച റിപ്പോർട്ട് അനുസരിച്ച് 3,600 കോടി രൂപയാണ് പദ്ധതിച്ചെലവ്.

 30 മീറ്റർ ഉയരത്തിൽ പാത

പുതിയ ഡി.പി.ആർ പ്രകാരം തറനിരപ്പിൽ നിന്ന് 30 മീറ്ററിലധികം ഉയരത്തിലാണ് ഉയരപ്പാത നിർമ്മിക്കുക. ഇടപ്പള്ളി ഒബ്‌റോൺ മാൾ മുതൽ അരൂർ ജംഗ്ഷൻ വരെ 16.294 കിലോമീറ്ററിലാണ് ഉയരപ്പാത. അരൂർ മുതൽ തുറവൂർ വരെയുള്ള 13 കിലോമീറ്ററോളം നീളത്തിലെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്.

ഇടപ്പള്ളി-അരൂർ റൂട്ട്

ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ കൊച്ചി നഗരസഭ

മരട് നഗരസഭ

കുമ്പളം പഞ്ചായത്ത്‌