കക്കി ഡാമിൽ റെഡ് അലർട്ട് ; ജാഗ്രത പാലിക്കണം
പത്തനംതിട്ട : കക്കി ആനത്തോട് ഡാമിലെ ജലനിരപ്പ് 974.86 മീറ്ററിൽ എത്തിയതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പമ്പാനദിയുടെയും കക്കാട്ടാറിന്റെയും ഇരുകരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ അറിയിച്ചു. നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കിവിടുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറണം. ആവശ്യമെങ്കിൽ അധികൃതർ ആവശ്യപ്പെടുന്ന പ്രകാരം മറ്റുള്ളവരും സുരക്ഷിത സ്ഥാനത്തേയ്‌ക്കോ ക്യാമ്പുകളിലേക്കോ മാറണം. നദികളിലിറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റണം
പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗത്തിന്റെ പരിധിയിലുള്ള റോഡുകളുടെ വശങ്ങളിൽ നിൽക്കുന്ന അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റണമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന മരങ്ങൾ കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും അപകടമുണ്ടാക്കാൻ സാദ്ധ്യതയുണ്ട്. മരങ്ങളും ശിഖരങ്ങളും അടിയന്തരമായി മുറിച്ച് മാറ്റിയില്ലെങ്കിൽ അപകടങ്ങൾക്കും നാശനഷ്ടങ്ങൾക്കും വസ്തു ഉടമ മാത്രമായിരിക്കും ഉത്തരവാദിയെന്നും അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. മരം വീണ് കഴിഞ്ഞ ദിവസങ്ങളിലായി കോട്ടാങ്ങലും തിരുവല്ലയിലുമായി രണ്ടുപേർ മരണപ്പെട്ടിരുന്നു.