ഗാന്ധിജി എത്താത്ത ഗാന്ധി ജംഗ്ഷൻ

Wednesday 30 July 2025 12:33 AM IST

കോന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കൂടലിനും ഇഞ്ചപ്പാറയ്ക്കും ഇടയിൽ ഗാന്ധിജി ഒരിക്കലും എത്തിയിട്ടില്ലാത്ത ഗാന്ധി ജംഗ്ഷനുണ്ട്. പുനലൂർ - പത്തനംതിട്ട റോഡിൽ പാടങ്ങളും കൈത്തോടുകളും ഇടവഴികളും നിറഞ്ഞ ചെറിയ കവലയായിരുന്ന നല്ലുരേത്ത് പടി പിൽക്കാലത്ത് ഗാന്ധി ജംഗ്ഷനായി മാറുകയായിരുന്നു. വട്ടുവേലി ഉണ്ണുണ്ണിയുടെ മാടക്കടയും അപൂർവമായി മാത്രം ബസുകൾ കടന്നുപോകുന്ന ചെറിയ ജംഗ്ഷനായിരുന്നു ഇത്. ബസിൽ കയറി യാത്രതുടരണമെങ്കിൽ അക്കാലത്ത് ഇഞ്ചപ്പാറയിലോ കുരങ്ങയത്തോ പോകണമായിരുന്നു. അവിടെയായിരുന്നു ബസ് സ്റ്റോപ്പുകൾ ഉണ്ടായിരുന്നത്.

അന്ന് കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന കെ.ജി ബർസോം മുൻകൈയെടുത്ത് നല്ലൂ രേത്ത് പടിയിൽ നിന്ന് തേമ്പാവ്മണ്ണ്, പാങ്ങോട് ഭാഗത്തേക്ക് റോഡ് വെട്ടി. പാങ്ങോട്ട് ശ്രീധരൻ നായർ, ചങ്ങാരത്ത് ഉണ്ണുണ്ണി, മുതലക്കുളത്ത് തേമ്പാവ്മണ്ണ് ജോർജ്, കാവിൽ കിഴക്കേതിൽ ജോർജ്, കരിവണ്ണൂർ ഭാസ്കരൻ എന്നിവരുടെ നേതൃത്വത്തിൽ ആളുകളെ സംഘടിപ്പിച്ചാണ് റോഡ് നിർമ്മിച്ചത്. റോഡ് പണിക്ക് ശേഷം നല്ലുരേത്ത്പടി ഗാന്ധി ജംഗ്ഷനായി മാറി. ഈ പേര് പഞ്ചായത്ത് രജിസ്റ്ററിൽ റോഡിനൊപ്പം ചേർത്തു. റോഡുപണിക്ക് ശേഷം അന്നത്തെ പഞ്ചായത്ത് അംഗമായിരുന്ന ബാലകൃഷ്ണൻ ഉണ്ണിത്താന്റെ നേതൃത്വത്തിൽ പല്ലൂർ ഭാഗത്തേക്കുള്ള വയലിന്റെ മൂന്നടി നടവരമ്പും തടിപ്പാലവും ജനകീയ പിൻതുണയോടെ വീതിയുള്ള റോഡും കലുങ്കുമാക്കി മാറ്റി. അങ്ങനെ അന്നത്തെ പുനലൂർ - പത്തനംതിട്ട റോഡിലെ ഗാന്ധി ജംഗ്ഷന്റെ ഇരു ഭാഗത്തേക്കും ഉപറോഡുകൾ ഉണ്ടായി.

ഗാന്ധി പ്രതിമയും

2005 ൽ ഗാന്ധി ജംഗ്ഷനിലെ ഐസക്കിന്റെ ചായക്കടയിലെ നാട്ടുവർത്തമാനങ്ങളിൽ നിന്നാണ് രാഷ്ട്രപിതാവിന്റെ പേരിലുള്ള ജംഗ്ഷനിൽ അദ്ദേഹത്തിന്റെ പ്രതിമ വേണമെന്ന് ആശയം ഉദിക്കുന്നത്. ഈ ആശയം പൗരസമിതി ചർച്ചചെയ്ത് വിപുലമാക്കി. പള്ളിയുടെ പണിക്കെത്തിയ ശില്പിയുടെ സഹായത്തോടെ രാഷ്ട്രപിതാവിന്റെ പൂർണകായ പ്രതിമ നിർമ്മിച്ചു. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് ആലേഖനം ചെയ്ത രാഷ്ട്രപിതാവിന്റെ പ്രതിമ 2005 ഡിസംബർ 17 ന് ഗാന്ധി ജംഗ്ഷനിൽ സ്ഥാപിച്ചു.