പാലാരിവട്ടം പാലത്തിന്റെ കാര്യത്തിൽ എടുത്തത് നയപരമായ തീരുമാനം, അഴിമതിയിൽ അന്വേഷണം നടക്കട്ടെയെന്ന് ഇബ്രാഹിം കുഞ്ഞ്
കൊച്ചി: പാലാരിവട്ടം പാലത്തിന്റെ കാര്യത്തിൽ എടുത്തത് നയപരമായ തീരുമാനമെന്ന് മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. അറസ്റ്റിനെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾക്കിടയിലാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. അഴിമതിയിൽ അന്വേഷണം നടക്കട്ടയെന്നും അദ്ദേഹം പറഞ്ഞു. താഴെ നിന്ന് ശുപാർശ ചെയ്ത ഫയലുകൾ കണ്ടിട്ടേയുള്ളൂവെന്നും നയപരമായ തീരുമാനം ആയിരുന്നതിനാൽ അത് അംഗീകരിക്കുകയാണ് ചെയ്തതെന്നും ഇബ്രാഹിം കുഞ്ഞ് വ്യക്തമാക്കി. ഹാജരാകാനുള്ള നോട്ടീസ് കിട്ടിയിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഡ്ജറ്റിൽ വകയിരുത്താത്ത പണം നൽകാറുണ്ടെന്നും മുൻകൂർ പണം നൽകുന്നത് സാധാരണമാണെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.
പാലാരിവട്ടം ഫ്ളൈ ഓവർ അഴിമതിക്കേസിൽ റിമാൻഡിലായ പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറി ടി.ഒ. സൂരജ് വിജിലൻസ് മുമ്പാകെ നടത്തിയ നിർണായക വെളിപ്പെടുത്തലാണ് ഇബ്രാഹിംകുഞ്ഞിനെ അറസ്‌റ്റിന്റെ നിഴലിലാക്കിയത്. ഇന്നലെ തിരുവനന്തപുരം വിജിലൻസ് ആസ്ഥാനത്ത് നടന്ന അന്വേഷണ സംഘത്തിന്റെ യോഗത്തിൽ ഇബ്രാഹിം കുഞ്ഞിനെ നോട്ടീസ് നൽകി വിളിച്ചു വരുത്തി ചോദ്യം ചെയ്യാൻ തീരുമാനിച്ചു. തെളിവുകളുടെ അടിസ്ഥാനത്തിൽ നിയമോപദേശവും തേടും. ഇതിനു ശേഷമായിരിക്കും അറസ്‌റ്റിലേക്ക് നീങ്ങുക. ഇബ്രാഹിം കുഞ്ഞിനെ ഒരു തവണ അന്വേഷണസംഘം വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ഫ്ലൈ ഓവർ നിർമ്മാണത്തിൽ വീഴ്ചയുണ്ടെന്നും ഉത്തരവാദിത്വം ഉദ്യോഗസ്ഥർക്കാണെന്നും തനിക്ക് അറിയാമായിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കില്ലെന്നുമാണ് മൊഴി നൽകിയത്.
അന്വേഷണസംഘം ഇന്നലെ വിജിലൻസ് ഐ.ജി. എച്ച്. വെങ്കിടേഷുമായി ചർച്ച നടത്തിയതോടെയാണ് സംഘത്തിന്റെ ചടുല നീക്കങ്ങൾ പുറത്തായത്. അതിന് തൊട്ടുമുമ്പ് എറണാകുളത്ത് വിജിലൻസ് കോടതി ക്യാമ്പ് സിറ്റിംഗിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ സൂരജ് മാദ്ധ്യമങ്ങൾക്ക് മുമ്പിൽ ഇബ്രാഹിംകുഞ്ഞിന്റെ പങ്ക് തുറന്നു പറഞ്ഞു. അപ്പോൾ കളമശേരി മണ്ഡലത്തിലെ കുന്നുകരയിൽ പ്രളയം വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തിനൊപ്പമായിരുന്നു ഇബ്രാഹിംകുഞ്ഞ്.