പന്തളം നേച്ചർ ബാഗ്‌സ് യൂണിറ്റ്, വിജയം തുന്നിയ പെൺക്കൂട്ടായ്മ

Wednesday 30 July 2025 12:48 AM IST

പന്തളം : തുണിയിലും പേപ്പറിലും ബാഗ് നിർമ്മിച്ച് സ്വന്തമാക്കിയ പെരുമയുമായി വിവിധ വസ്ത്ര ഉൽപ്പന്നങ്ങളിൽ പെൺമയുടെ കയ്യൊപ്പ് തുന്നിചേർക്കുകയാണ് പന്തളം കുടുംബശ്രീ കൂട്ടായ്മയിലെ കൂട്ടുകാരികൾ.

പന്തളം നേച്ചർ ബാഗ്‌സ് യൂണിറ്റിന് വിജയവീഥിയിലെ തിളക്കമുള്ള കഥകളാണ് പറയാനുള്ളത്. രണ്ടര ലക്ഷം രൂപ മുതൽ മുടക്കിൽ 2014 ൽ അഞ്ച് വനിതകൾ ആരംഭിച്ച സംരംഭം, 35 ലക്ഷം രൂപ വാർഷിക വരുമാനമുള്ള സ്ഥാപനമായി വളർന്നു. പന്തളം നഗരസഭയിലെ മുളമ്പുഴ വാർഡിൽ കുടുംബശ്രീ അംഗങ്ങളായ ജയലക്ഷ്മി, സുജ, സുശീല, സുജാത, ജഗദമ്മ എന്നിവരാണ് സംരംഭകർ. കുടുംബശ്രീ സംരംഭകത്വവികസനത്തിന്റെ ഭാഗമായി പരിശീലനം നൽകുന്ന ഏജൻസിയായും നേച്ചർ ബാഗ്‌സ് പ്രവർത്തിക്കുന്നുണ്ട്. പേപ്പർ, സ്‌കൂൾ - കോളേജ് ബാഗുകൾ, ലാപ്‌ടോപ് ബാഗുകൾ, പരിസ്ഥിതിസൗഹൃദ തുണി ബാഗുകൾ, യൂണിഫോം, പലവിധ അളവുകളിലെ വസ്ത്രങ്ങൾ, ലേഡീസ് ബാഗ്, പേഴ്‌സുകൾ, ജൂട്ട് ബാഗുകൾ, ഫയൽ ഫോൾഡറുകൾ, തൊപ്പികൾ എന്നിവയാണ് പ്രധാന ഉൽപന്നങ്ങൾ.

പ്ലാസ്റ്റിക് രഹിത ശബരിമല പദ്ധതിയിൽ 2015 മുതൽ തുണിസഞ്ചി നിർമിച്ചു നൽകുന്നുണ്ട്. തലസ്ഥാനത്ത് സംഘടിപ്പിച്ച വൃത്തി കോൺക്ലേവ് 2025 ൽ 18,000 ത്തോളം തുണിസഞ്ചി തയ്യാറാക്കി നൽകി. ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ഹരിതകർമ സേനാംഗങ്ങൾ, നഴ്‌സുമാർ, ലോട്ടറി ക്ഷേമനിധി അംഗങ്ങൾ, കഫേ കുടുംബശ്രീ എന്നിവർക്കായുള്ള യൂണിഫോമും ഇവിടെ നിർമിക്കുന്നു. 2018ൽ സംസ്ഥാനത്തെ മികച്ച പരിസ്ഥിതി സൗഹാർദ യൂണിറ്റ്, 2019 ൽ ജില്ലയിലെ മികച്ച കൂടുംബശ്രീ യൂണിറ്റ്, 2015 മുതൽ 2017 വരെ മുൻസിപ്പാലിറ്റി തലത്തിൽ മികച്ച യൂണിറ്റ് എന്നീ പുരസ്‌കാരങ്ങൾ സ്വന്തമാക്കി.

ഓൺലൈൻ വിപണിയിലും സജീവം

തുണിയുടെ നിലവാരവും ചിത്രപണികളും പരിഗണിച്ചാണ് വസ്ത്രങ്ങളുടെ വില നിർണയം. കോറ കോട്ടൺ, പോളിസ്റ്റർ, സിൽക് തുണിത്തരങ്ങൾ ഉപയോഗിക്കുന്നു. എറണാകുളം, ബാഗ്ലൂർ - ഈറോഡ്, തിരുപ്പൂർ ഭാഗങ്ങളിൽ നിന്ന് അസംസ്കൃത വസ്തുക്കൾ എത്തിക്കും. ഓൺലൈൻ വിപണിയിലും നേച്ചർ ബാഗ്‌സ് യൂണിറ്റിന്റെ ഉൽപ്പന്നങ്ങൾ ലഭിക്കും.

ഉൽപ്പന്നങ്ങളുടെ വില

തുണി സഞ്ചി : 10 മുതൽ 200 രൂപ വരെ,

സ്‌കൂൾ ബാഗ് : 350 മുതൽ 2000 രൂപ വരെ.

തുണിസഞ്ചി സംസ്‌കാരം കൂടുതൽ വ്യാപിപ്പിക്കുന്നതിനുള്ള കർമ പദ്ധതി ആസൂത്രണം ചെയ്യുന്നതിനുള്ള തയ്യാറെടുപ്പിലാണ് കുടുംബശ്രീ.

എസ്.ആദില

കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ