മക്കൾക്ക് ചോക്ലേറ്റും കളിപ്പാട്ടവുമായി അനീഷും സയനയും

Wednesday 30 July 2025 12:56 AM IST

കൽപ്പറ്റ: 'അവർക്ക് ഞങ്ങളുടെ കരസ്പർശം അനുഭവിക്കാൻ കഴിയും' - മക്കൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചോക്ലേറ്റും കളിപ്പാട്ടങ്ങളും കല്ലറയ്ക്കുമുകളിൽ നിരത്തിവച്ച സയന കണ്ണീരോടെ പറഞ്ഞു. വയനാട് ഉരുൾ ദുരന്തത്തിൽ മരിച്ച പിഞ്ചോമനകൾ ഉറങ്ങുന്ന കല്ലറയ്ക്ക് മുകളിൽ സയന തലോടി. പിതാവ് അനീഷ് വിതുമ്പലോടെ ഉമ്മവച്ചു.

'ചോക്ലേറ്റും മിഠായിയും കളിപ്പാട്ടവുമാണ് നിവേദിനും ധ്യാനിനും ഇഷാനും ഇഷ്ടം. കളിപ്പാട്ടങ്ങളിൽ വണ്ടികളോടായിരുന്നു പ്രിയം. വൈകിട്ട് ജോലി കഴിഞ്ഞെത്തിയാൽ മൂന്നു മക്കളും ആദ്യം ചോദിക്കുക മിഠായിയാണ്. പിന്നീടാണ് കളിപ്പാട്ടങ്ങൾ. ഓരോ തവണ പിഞ്ചോമനകൾ അന്തിയുറങ്ങുന്ന കല്ലറയിലെത്തുമ്പോഴും വ്യത്യസ്തമായ ലൈറ്റുകളുള്ള വണ്ടികളാണ് കൊണ്ടുവച്ചത്. ഇതെല്ലാം കല്ലറയുടെ ഗ്രാനൈറ്റിൽ പതിപ്പിച്ച കുഞ്ഞുമുഖങ്ങൾക്കു മുന്നിൽ ഇരിപ്പുണ്ട്. കുഞ്ഞുങ്ങൾ കൂടെയുള്ളപ്പോൾ എങ്ങനെയാണോ, അങ്ങനെതന്നെയാണ് ഇപ്പോഴുമെന്ന് അനീഷും സയനയും പറഞ്ഞു. അവസാനിക്കാത്ത ഉറക്കത്തിലേക്ക് വീണുപോയ കുഞ്ഞോമനകളുടെ അടുത്തെത്തി, മിണ്ടിയും കൊഞ്ചിച്ചും ലാളിച്ചും സമ്മാനങ്ങൾ നൽകിയും ഇരുവരും ആശ്വസിക്കുന്നു.

'കഴിഞ്ഞവർഷം ഇതേ ദിനം പകൽ എന്റെചുറ്റിലും ഓടിനടന്ന മക്കളല്ലേ. അവരിൽ നിന്ന് വിട്ടുനിൽക്കാൻ കഴിയുമോ.... സയനയുടെ വാക്കുകൾ മുറിഞ്ഞു. ജൂലായ് ഏഴിനായിരുന്നു നിവേദിന്റെ പിറന്നാൾ. അവന് 10 വയസായി. അന്ന് കേക്ക് വാങ്ങിനൽകി. മക്കൾക്കരികിലാണ് അനീഷിന്റെ അമ്മ രാജമ്മയുമുള്ളത്. ദുരന്തത്തിൽ അമ്മയെയും നഷ്ടപ്പെട്ടിരുന്നു.

വെറ്റിലമുറുക്കും കടലമിഠായിയുമാണ് അമ്മയ്ക്ക് നിവേദ്യം. അമ്മയെന്നും മക്കളോടൊപ്പമായിരുന്നു. മൂത്തമകൻ ധ്യാൻ അമ്മയൊടൊപ്പമാണ് കിടന്നുറങ്ങുക. മക്കൾക്ക് കൂട്ടിന് അമ്മയുമുണ്ടല്ലോ എന്നതാണ് അനീഷിന്റെ ആശ്വാസം. ഉരുൾപൊട്ടലിൽ ഗുരുതരമായി പരിക്കേറ്റ മാതാപിതാക്കൾക്ക് ജീവൻ തിരിച്ചുകിട്ടിയിരുന്നു.