രോഗിയുമായി പോയ ആംബുലൻസ് വഴിയാത്രക്കാരനെ ഇടിച്ച് അപകടം, ആറ്റിങ്ങൽ സ്വദേശിക്ക് ദാരുണാന്ത്യം

Wednesday 30 July 2025 12:00 AM IST

ആറ്റിങ്ങൽ: ആംബുലൻസ് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. ആറ്റിങ്ങൽ സ്വദേശി വിജയൻ (57) ആണ് മരിച്ചത്. ദേശീയപാതയിൽ മൂന്ന്മുക്കിൽ ചൊവ്വാഴ്‌ച രാത്രി 9.30ഓടെയായിരുന്നു അപകടം. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേയ്ക്ക് രോഗിയുമായി പോയ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ആറ്റിങ്ങൽ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

റോഡ് മുറിച്ചുകടക്കുമ്പോഴാണ് വിജയനെ ആംബുലൻസ് ഇടിച്ചത്. കൊല്ലം ജില്ലാ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കായിരുന്നു ആംബുലൻസ് വന്നത്. അപകടമുണ്ടാക്കിയ ആംബുലൻസും ഡ്രൈവറും ആറ്റിങ്ങൽ പൊലീസ് കസ്റ്റഡിയിലാണ്. രോഗിയെ മറ്റൊരു ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കയച്ചു.