കാട്ടാന ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം

Wednesday 30 July 2025 12:00 AM IST

പീരുമേട്/ മുണ്ടക്കയം: റബ്ബർ ടാപ്പിംഗിനിടെ കർഷകനെ കാട്ടാന തുമ്പിക്കൈകൊണ്ട് അടിച്ചുകൊന്നു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് കുറ്റിക്കാട്ട് പുരുഷോത്തമനാണ് (64) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൻ രാഹുൽ ഓടി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 10.30ഓടെ പെരുവന്താനം പഞ്ചായത്തിലെ മതമ്പ ചെന്നാപ്പാറയിലാണ് സംഭവം. കാട്ടാന ശല്യം രൂക്ഷമായ പ്രദേശത്ത് റബ്ബർ തോട്ടം പാട്ടത്തിനെടുത്ത് ടാപ്പിംഗ് നടത്തിവരികയായിരുന്നു പുരുഷോത്തമനും മകനും.

ആനയെ ആദ്യം കണ്ട രാഹുലിന്റെ ഒച്ചകേട്ടാണ് പുരുഷോത്തമൻ ഓടിയെത്തിയത്. തുടർന്ന് പുരുഷോത്തമനുനേരെ തിരിഞ്ഞ കൊമ്പൻ, തുമ്പിക്കൈ കൊണ്ട് അടിച്ച് താഴെയിടുകയായിരുന്നു. രാഹുലിന് നേരെയും കാട്ടാന പാഞ്ഞെത്തിയെങ്കിലും ഓടി രക്ഷപ്പെട്ടു. ഗുരുതര പരിക്കേറ്റ പുരുഷോത്തമനെ നാട്ടുകാർ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഏന്തയാർ വെള്ളാരത്തിൽ കുടുംബാംഗമായ ഇന്ദിരയാണ് ഭാര്യ. മക്കൾ: പ്രശാന്ത്, രാഹുൽ. മരുമക്കൾ: അനു പനമറ്റം, ഹരിത കുമളി. സംസ്കാരം ഇന്ന് നടക്കും.

സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ കൊട്ടാരക്കര- ഡിണ്ഡിഗൽ ദേശീയപാതയിൽ മുണ്ടക്കയം 35-ാം മൈലിൽ റോഡ് ഉപരോധിച്ചു. പുരുഷോത്തമന്റെ മൃതദേഹം ഇൻക്വസ്റ്റിനെത്തിച്ച മുണ്ടക്കയത്തെ ആശുപത്രിക്ക് മുന്നിൽ സി.പി.എം പ്രവർത്തകരുടെ നേതൃത്വത്തിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസറെ തടഞ്ഞു.