നിമിഷപ്രിയയുടെ ശിക്ഷ: തീരാതെ അനിശ്ചിതത്വം

Wednesday 30 July 2025 12:02 AM IST

കൊച്ചി: യെമനിൽ തടവിൽ കഴിയുന്ന മലയാളി നഴ്‌സ് പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്ന റിപ്പോർട്ടുകൾ പ്രചരിക്കുമ്പോഴും അനിശ്ചിതത്വം തുടരുന്നു. വധശിക്ഷ ഒഴിവാക്കി ആജീവനാന്ത തടവ് നൽകുമെന്നാണ് പുതിയ വിവരമെങ്കിലും സ്ഥിരീകരണമില്ല. ആഭ്യന്തര സംഘർഷം നിലനിൽക്കുന്ന യെമനിൽ നിന്ന് ഔദ്യോഗിക തലത്തിൽ വിവരങ്ങൾ ലഭ്യമല്ല. കേന്ദസർക്കാർ ശക്തമായ ഇടപെടൽ നടത്തുന്നുണ്ടെങ്കിലും പരിമിതികളേറെയാണ്.

പ്രചരിക്കുന്നത് അഭ്യൂഹങ്ങളാണെന്നും ഇത് വിപരീത ഫലമുണ്ടാക്കുമെന്നും യെമനിലെ സാമൂഹിക പ്രവർത്തകൻ തമിഴ്‌നാട് സ്വദേശി സാമുവൽ ജെറോം കേരളകൗമുദിയോട് പറഞ്ഞു. കഴിയുംവിധം ശ്രമിക്കുന്നുണ്ടെന്നും പുരോഗതിയുണ്ടായാൽ സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

ആജീവനാന്ത തടവ്, അല്ലെങ്കിൽ ദയാധനം നൽകി മോചനമെന്ന വിവരമാണ് അനൗദ്യോഗികമായി ലഭിക്കുന്നതെന്ന് നിമിഷപ്രിയയ്‌ക്കായി എൻ.ആർ.ഐ കമ്മിഷനിൽ ഹാജരായ അഡ്വ. കെ.എൽ.ബാലചന്ദ്രൻ പറഞ്ഞു.