ടിക്കറ്റ് നിരക്കിൽ തീരുമാനമായില്ല; അനിശ്ചിതകാല സമരം തുടങ്ങാൻ സ്വകാര്യ ബസുകാർ
തിരുവനന്തപുരം:വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധനവിൽ ഒത്തുതീർപ്പ് സാദ്ധ്യത അടഞ്ഞതോടെ അനിശ്ചിതകാല സമരം ആരംഭിക്കാൻ സ്വകാര്യ ബസുടമകളുടെ തീരുമാനം.ഇന്നലെ ഗതാഗത സെക്രട്ടറി പി.ബി നൂഹിന്റെ അദ്ധ്യക്ഷതയിൽ ബസുടമകളുടെ സംഘടനാ പ്രതിനിധികളുടേയും വിദ്യാർത്ഥി സംഘടന പ്രതിനിധികളുടെയും യോഗം വെവ്വേറെ ചേർന്നെങ്കിലും ധാരണയിലെത്താനായില്ല.തുടർന്നാണ് സ്വകാര്യ ബസുകാർ സമരം പ്രഖ്യാപിച്ചത്.വിദ്യാർത്ഥി യാത്രാ നിരക്ക് അഞ്ച് രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.എന്നാൽ നിരക്ക് വർദ്ധനയെ വിദ്യാർത്ഥി സംഘടനകൾ എതിർത്തു.വ്യവസായത്തിന്റെ പ്രതിസന്ധി കണക്കിലെടുത്ത് നിരക്ക് വർദ്ധിപ്പിക്കണമെന്ന് സ്വകാര്യബസുകാർ ആവശ്യപ്പെട്ടു.യാത്രക്കാരിൽ 70 ശതമാനവും വിദ്യാർഥികളാണ്.1961ൽ കൺസഷൻ ആരംഭിക്കുമ്പോൾ പൊതുനിരക്കിന്റെ 50 ശതമാനമായിരുന്നു വിദ്യാർഥികളിൽ നിന്നും ഈടാക്കിയിരുന്നതെന്നും ആനുപാതിക വർദ്ധന വേണമെന്നും അവർ ആവശ്യപ്പെട്ടു.വീട്ടുവീഴ്ചക്ക് ഇരുകൂട്ടരും തയ്യാറാകാത്തതോടെ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. വിദ്യാർത്ഥി നിരക്ക് കാലാനുസൃതമായി വർദ്ധിപ്പിക്കണമെന്ന നിലപാടാണ് ഗതാഗത വകുപ്പിനുള്ളത്.ആഗസ്റ്റ് ഒന്നിന് തൃശൂരിൽ യോഗം ചേർന്ന് അനിശ്ചിതകാല സമരത്തിന്റെ തിയതി പ്രഖ്യാപിക്കുമെന്ന് ബസുടമകളുടെ സംഘടനാ പ്രതിനിധികൾ അറിയിച്ചു.എസ്.എഫ്.ഐ,കെ.എസ്.യു,എം.എസ്.എഫ്, എ.ഐ.എസ്.എഫ് എന്നി വിദ്യാർത്ഥിസംഘടനാ നേതാക്കളും കേരള ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ,ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ,കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ എന്നീ സംഘടനാ പ്രതിനിധികളും ഗതാഗത കമ്മീഷണർ സി.എച്ച്.നാഗരാജുവും ചർച്ചയിൽ പങ്കെടുത്തു.