കന്യാസ്ത്രീകൾ പുറത്തിറങ്ങുംവരെ സമരം: മാർ ആൻഡ്രൂസ് താഴത്ത്

Wednesday 30 July 2025 12:31 AM IST

തൃശൂർ: ഛത്തീസ്ഗഡിൽ അന്യായമായി തടവിലാക്കപ്പെട്ട കന്യാസ്ത്രീകൾ പുറത്തിറങ്ങുന്നതുവരെ പ്രതിഷേധം തുടരുമെന്ന് സി.ബി.സി.ഐ പ്രസിഡന്റും തൃശൂർ അതിരൂപത ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത്. ഇന്ത്യൻ ഭരണഘടനയെ ബന്ദിയാക്കരുത്. ക്രിസ്ത്യാനികൾക്ക് ഇന്ത്യയിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കണം. മൂന്നു പെൺകുട്ടികൾക്കു തൊഴിൽ നൽകാൻ അവരുടെ മാതാപിതാക്കളുടെ അനുമതിയോടെ തയ്യാറായ സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും സിസ്റ്റർ പ്രീതി മേരിയെയും ജയിലിലടച്ചതിൽ രാജ്യം നാണിക്കണം. തൃശൂർ അതിരൂപതയുടെ നേതൃത്വത്തിൽ കോർപറേഷൻ ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്ര നിർമിതിക്ക് ഏറ്റവുമധികം സംഭാവന നൽകിയ മതവിഭാഗമാണ് ക്രൈസ്തവരെന്നും സഭാവസ്ത്രം ധരിച്ച് യാത്ര ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയായെന്നും അദ്ദേഹം പറഞ്ഞു. സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ, അഡ്വ. ബിജു കുണ്ടുകുളം, സിസ്റ്റർ ഫോൺസി മരിയ തുടങ്ങിയവർ സംസാരിച്ചു. പുത്തൻപള്ളിക്ക് മുന്നിൽ നിന്നും കോർപറേഷന് മുന്നിലേക്ക് മാർച്ചും നടത്തി.