മുണ്ടക്കൈ, ചൂരൽമല അതിജീവനം അതിവേഗം

Wednesday 30 July 2025 12:37 AM IST

വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് അതിജീവനം ഉറപ്പാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികൾ അതിവേഗം പുരോഗമിക്കുകയാണ്. ദുരന്തത്തെ അതിജീവിച്ചവർക്ക് ഉപജീവനം ഉറപ്പാക്കാൻ തദ്ദേശ വകുപ്പ് രൂപം നൽകിയ പ്രത്യേക പദ്ധതികൾ മികച്ചനിലയിൽ മുന്നേറുകയാണ്. ഓരോ കുടുംബത്തിനും പ്രത്യേക മൈക്രോപ്ലാൻ തയ്യാറാക്കി. നൈപുണ്യപരിശീലനം നൽകി. തൊഴിലിലേക്കും ഉപജീവനത്തിലേക്കും അവരെ എത്തിക്കാനായി.

മേപ്പാടി പഞ്ചായത്തിലെ 10,11,12 വാർഡുകളിൽ ഉൾപ്പെട്ട, ദുരന്തം നേരിട്ടും പരോക്ഷമായും ബാധിച്ച 1084 കുടുംബങ്ങൾക്കാണ് അവർ നിലവിൽ താമസിക്കുന്ന പ്രദേശങ്ങളുടെ അടിസ്ഥാനത്തിൽ 49 ക്ലസ്റ്ററുകളായി ഫോക്കസ്ഡ് ഗ്രൂപ്പ് ഡിസ്‌കഷൻ നടത്തി കുടുംബശ്രീയുടെ നേതൃത്വത്തിൽ മൈക്രോ പ്ലാനുകൾ തയ്യാറാക്കിയത്. തൊഴിലുറപ്പ് പദ്ധതിയിൽ മേപ്പാടി ഗ്രാമപഞ്ചായത്തിന് പ്രത്യേക ഇളവുകൾ ലഭ്യമാക്കി. ഇവിടെ 150 തൊഴിൽ ദിനങ്ങൾവരെ കുടുംബങ്ങൾക്ക് നൽകാൻ പ്രത്യേക അനുമതി ലഭ്യമാക്കി.

28 അയൽകൂട്ടങ്ങൾക്ക് 15,000രൂപ വീതം റിവോൾവിംഗ് ഫണ്ട് നൽകി. കൃഷിവകുപ്പ് മുഖാന്തിരം 13പേർക്ക് വിവിധ കാർഷിക ഉപകരണങ്ങൾ വിതരണം ചെയ്തു. ആരോഗ്യവകുപ്പ് മുഖാന്തിരം 1113 പേർക്ക് ആരോഗ്യസേവന ഇടപെടലുകൾ പുരോഗമിക്കുന്നുണ്ട്.