വയനാട്: ചെലവിട്ടത് 91 കോടി മാത്രം

Wednesday 30 July 2025 12:39 AM IST

വയനാട് ദുരന്തത്തിന് ഒരുവർഷമായിട്ടും ദുരന്തഭൂമിയിൽ നിന്നുള്ള അടക്കിപ്പിടിച്ച കരച്ചിലുകളും നിലവിളികളും ഇപ്പോഴും നിലയ്ക്കുന്നില്ല. സർവതും നഷ്ടപ്പെട്ട് അഭയാർത്ഥികളായി മാറിയ ആ മനുഷ്യരെ ചേർത്തുപിടിക്കാനോ സങ്കടങ്ങൾ കാണാനോ ഭരണസംവിധാനങ്ങൾ ഇപ്പോഴും തയ്യാറല്ല. ദുരിതബാധിതരുടെ പട്ടിക തയ്യാറാക്കുന്നതിൽപോലും സർക്കാരും റവന്യുവകുപ്പും ദയനീയമായി പരാജയപ്പെട്ടു.

പൊതുജനങ്ങളും ജീവനക്കാരും നൽകിയ 455.54 കോടി ഉൾപ്പെടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 772.11കോടിയാണ് എത്തിയത്. എന്നാൽ, ഇതിൽ 91.74 കോടി (12%) മാത്രമാണ് ഒരു വർഷത്തിനിടെ ചെലവഴിച്ചത്. ദുരന്തത്തിനിരയായി ചികിത്സയിൽ കഴിഞ്ഞ 380പേരുടെ തുടർചികിത്സയും സർക്കാർ സൗകര്യപൂർവം വിസ്മരിച്ചു. ഇവർ എങ്ങനെ ജീവിക്കുന്നുവെന്നു പോലും സർക്കാർ ഇതുവരെ ചിന്തിച്ചിട്ടില്ല.

പ്രധാനമന്ത്രി ദുരന്തമേഖല സന്ദർശിച്ചതല്ലാതെ കേന്ദ്രസർക്കാരും ക്രൂരമായ അവഗണനയാണ് വയനാടിനോടും കേരളത്തോടും കാട്ടിയത്. പലിശയില്ലാത്ത കടം തരാമെന്ന ഔദാര്യമാണ് കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടായത്. ഏറെ വൈകിയാണ് ടൗൺഷിപ്പ് പദ്ധതി ആവിഷ്‌കരിച്ചത്. ഏറെവൈകി സർക്കാർ പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചപ്പോഴേയ്ക്കും പല സ്‌പോൺസർമാരും പിൻവാങ്ങി. കോൺഗ്രസും മുസ്ലീംലീഗുമടക്കം പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കും.