സിസ്റ്റർമാരുടെ മോചനത്തിന് കേന്ദ്രം ഇടപെടണം : മന്ത്രി ബിന്ദു
Wednesday 30 July 2025 12:42 AM IST
തിരുവനന്തപുരം: ഛത്തീസ്ഗഡിൽ അറസ്റ്റിലായ സിസ്റ്റർ പ്രീതി മേരിയുടെയും സിസ്റ്റർ വന്ദന ഫ്രാൻസിസിന്റെയും മോചനം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് മന്ത്രി ആർ.ബിന്ദു ആവശ്യപ്പെട്ടു. സാമൂഹ്യസേവനത്തിന് പ്രവർത്തിക്കുന്ന ഇവരെ മതപരിവർത്തനത്തിനു ശ്രമിച്ചെന്ന ആക്ഷേപം ദുരുപയോഗിച്ചുകൊണ്ട് കുറ്റവാളികളായി ചിത്രീകരിച്ച് കേസിൽ കുടുക്കിയത് അപലപനീയമാണ്.
ജോലി ആവശ്യത്തിനാണ് പെൺകുട്ടികൾ കന്യാസ്ത്രീകൾക്കൊപ്പം പോയത്. മുൻവിധിയോടെയാണ് കന്യാസ്ത്രീകൾക്കെതിരെ അതിക്രമം നടത്തിയത്. ഇതിനൊപ്പം പൊലീസ് സംവിധാനം നിലകൊള്ളുന്നത് ബിജെപി ഭരണത്തിന്റെ സ്വഭാവമാണ് വെളിപ്പെടുത്തുന്നത്.ബിജെപി അധികാരത്തിലുള്ള ഇടങ്ങളിലെല്ലാം ക്രൈസ്തവ ആരാധനാലയങ്ങൾ ആക്രമിക്കുകയും കന്യാസ്ത്രീകൾക്കും വൈദികർക്കും നേരെ ആക്രമണ പരമ്പരകൾ അരങ്ങേറുകയും ചെയ്യുകയാണെന്നും മന്ത്രി പറഞ്ഞു.