'എല്ലാം അതിജീവിച്ചേ പറ്റൂ': വയനാട് ദുരന്തത്തിൽ 9 പേരെ നഷ്ടപ്പെട്ട മുഹമ്മദ് ഹാനി
ചൂരൽമല: 'എല്ലാം അതിജീവിക്കണം. അതിജീവിച്ചേ പറ്റൂ....അതിനുളള ധൈര്യം പടച്ചവൻ തരട്ടെ".മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളടക്കം കുടുംബത്തിലെ 9 പേരെ നഷ്ടപ്പെട്ട കെ. മുഹമ്മദ് ഹാനിയുടെ കണ്ണുകൾ വീണ്ടും നനഞ്ഞു. മാതാപിതാക്കളായ ജാഫിറലി, റംലത്ത്, സഹോജരി റിത റസ്ല, കുഞ്ഞനിയൻ അമീൻ എന്നിവരെയാണ് മുഹമ്മദ് ഹാനിക്ക് നഷ്ടമായത്. ഉരുൾപൊട്ടൽ ദുരന്തമുണ്ടായപ്പോൾ ഹാനിയാണ് എഴുപതുകാരിയായ ഉമ്മുമ്മ ആയിഷയെയും ബാപ്പയുടെ സഹോദരന്റെ മകൾ സിദറത്തുൽ മുംതഹയെയും രക്ഷപെടുത്തിയത്. വെള്ളാർമല സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഹാനി. ഹാനിക്ക് ധീരതയ്ക്കുള്ള ദേശീയപുരസ്കാരവും ലഭിച്ചു. ഉറ്റവർക്കൊപ്പം പാഠപുസ്തകങ്ങളും രേഖകളുമെല്ലാം നഷ്ടമായെങ്കിലും മനക്കരുത്ത് കൈവിടാതെ ഹാന എസ്.എസ്.എൽ.സി പരീക്ഷ എഴുതിയപ്പോൾ വിജയം കൂട്ടായെത്തി. മേപ്പാടി പാലവയലിൽ വാടക ക്വാർട്ടേഴ്സിൽ അമ്മായി മുംതാസിനൊപ്പമാണ് ഹാനി താമസിക്കുന്നത്. വെള്ളാർമല ജി.വി.എച്ച്.എസിൽ കമ്പ്യൂട്ടർ സയൻസിന് അഡ്മിഷൻ കിട്ടിയിട്ടുണ്ട്.