നുരഞ്ഞ് പതഞ്ഞൊഴുകി കുണ്ടുമൺ വെള്ളച്ചാട്ടം

Wednesday 30 July 2025 12:47 AM IST
കണ്ണനല്ലൂർ കുണ്ടുമൺ വെള്ളച്ചാട്ടം

കൊല്ലം: മലവെള്ളപ്പാച്ചിലില്ല, ഉയരത്തിൽ നിന്നുള്ള ജലപാതവുമല്ല, എന്നിട്ടും കുണ്ടുമൺ വെള്ളച്ചാട്ടം ഹിറ്റാണ്. കൊല്ലത്തുകാ‌ർക്ക് വെള്ളച്ചാട്ടം കാണണമെങ്കിൽ കിഴക്കൻ മലയോര മേഖലകളിലേക്ക് പോകേണ്ട, പട്ടണത്തിന് സമീപത്തെ ഇത്തിക്കരയാറിന്റെ കൈവഴിയിലേക്ക് എത്തിയാൽ മതി.

ദിവസവും നൂറുകണക്കിനാളുകളാണ് ഇവിടെ കുളിക്കാനെത്തുന്നത്. നിറഞ്ഞൊഴുകുന്ന ജലാശയത്തിന് കുറുകെയുള്ള നടപ്പാലത്തിന്റെ ബണ്ടുകളിലൂടെയാണ് വെള്ളം ഉയർന്ന് പൊങ്ങിപ്പരക്കുന്നത്. വെള്ളം കരിമ്പാറകളിൽ തട്ടിച്ചിതറിയൊഴുകുന്നത് വേറിട്ട കാഴ്ചയാണ്. ഉയരത്തിൽ നിന്നുള്ള വെള്ളച്ചാട്ടമല്ലെങ്കിലും നുരുഞ്ഞ് പതഞ്ഞുള്ള ഒഴുക്ക് ചാരുതയേറും.

നെടുമ്പന ഗ്രാമപഞ്ചായത്തിലുൾപ്പെടുന്നതാണ് കുണ്ടുമൺ വെള്ളച്ചാട്ടം. ഇവിടേക്കുള്ള റോഡ് അടുത്തിടെ കോൺക്രീറ്റ് ചെയ്തിരുന്നു. മതിയായ വെളിച്ച സംവിധാനം ഒരുക്കണമെന്നാണ് ആവശ്യം.

കാഴ്ചകളുടെ സുന്ദരലോകം

 കുണ്ടുമൺ പാലത്തിന് തൊട്ടടുത്ത്

 ഒരു വശത്ത് നെൽപ്പാടം

 കൊയ്ത്തുകഴിഞ്ഞാൽ മരമടി ഉത്സവം

 സീസണിൽ ദേശാടനക്കിളികളുടെ ചന്തം

 നടപ്പാലത്തിന് ഒരുവശത്ത് വെള്ളച്ചാട്ടം, മറുവശത്ത് കുളിക്കടവ്

 മുളങ്കാടുകൾ മറ്റൊരു ആകർഷണം

ഇനി വേണ്ടത്

 വികസന രൂപരേഖ

 അടിസ്ഥാന സൗകര്യങ്ങൾ

 സുരക്ഷാ സംവിധാനങ്ങൾ