ഇനി കർഷകർ തോൽക്കില്ല: 15 കാട്ടുപന്നികളെ വെടിവച്ച് കൊന്നു
കൊല്ലം: കാട്ടുപന്നിക്കൂട്ടത്തോട് തോറ്റ് കൃഷി ഉപേക്ഷിക്കാനൊരുങ്ങിയ കർഷകർക്ക് ആശ്വാസം, പത്തനാപുരത്ത് കാട്ടുപന്നികളെ വെടിവച്ച് കൊന്നുതുടങ്ങി. തിങ്കളാഴ്ച രാത്രിയിൽ പത്തനാപുരം, പട്ടാഴി പഞ്ചായത്തുകളിൽ 15 കാട്ടുപന്നികളെയാണ് കൊന്നത്. വെടിയേറ്റ് ഓടി കാട്ടിൽ മറഞ്ഞ പന്നികളുമുണ്ട്. വനപ്രദേശത്തോട് ചേർന്ന പത്തനാപുരത്ത് നാളുകളായി കാട്ടുപന്നി ശല്യം രൂക്ഷമാണ്.
കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒട്ടേറെ കുടുംബങ്ങളാണ് പന്നി ശല്യത്തിൽ പട്ടിണിയിലായത്. പലരും കൃഷി പൂർണമായും ഉപേക്ഷിച്ചു. പ്രതിഷേധം ശക്തമായതോടെയാണ് പഞ്ചായത്ത് അധികൃതർ ഷൂട്ടർമാരെ വരുത്തിയത്. കോട്ടയം, മൂവാറ്റുപുഴ, പാല ഭാഗങ്ങളിൽ നിന്നാണ് ഷൂട്ടർമാരെത്തിയത്. പത്തനാപുരം പഞ്ചായത്തിലെ നടുക്കുന്ന് നോർത്ത് വാർഡിൽ മാത്രം നാല് ഷൂട്ടർമാരിറങ്ങി. ഇവിടെ നിന്നാണ് ഒൻപത് കാട്ടുപന്നികളെ വെടിവച്ച് കൊന്നത്. പട്ടാഴി ഗ്രാമപഞ്ചായത്തിലെ പന്ത്രുമുറി വാർഡിൽ പുലർച്ചെയാണ് ഷൂട്ടർമാർ 6 പന്നികളെ വെടിവച്ച് കൊന്നത്. പാലായിൽ നിന്നുള്ള ഷൂട്ടർമാരാണ് ഇവിടെ നിറയൊഴിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് കാട്ടുപന്നികളുടെ ജഡം മറവ് ചെയ്തത്.
ഇനിയും ഷൂട്ടർമാരെത്തും
പത്തനാപുരം മേഖലയിൽ ശല്യക്കാരായ കാട്ടുപന്നികളെ മുഴുവൻ വെടിവച്ചുകൊല്ലാനാണ് ജനപ്രതിനിധികളുടെ തീരുമാനം. പട്ടാഴി പഞ്ചായത്തിൽ ഇതിനായി സമഗ്ര പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് കെ.അശോകൻ അറിയിച്ചു. സമീപ പഞ്ചായത്തുകളിലെല്ലാം ഇതിനുള്ള കർമ്മ പദ്ധതി തയ്യാറായി വരികയാണ്.