എൻ.ജി.ഒ യൂണിയൻ മാർച്ചും ധർണയും
കൊല്ലം: കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ തിരുത്തുക, ജനപക്ഷ ബദൽ നയങ്ങൾക്ക് ശക്തി പകരുക, കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ പുനഃസംഘടിപ്പിക്കുക, കേരളത്തെ തകർക്കുന്ന കേന്ദ്ര നയങ്ങൾ തിരുത്തുക, വിലക്കയറ്റം തടയുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി കേരള എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ ജില്ലയിൽ കൊല്ലം, കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂർ എന്നിവിടങ്ങളിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു.
കൊല്ലത്ത് സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന ധർണ യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്.സീമ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി.സുജിത് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി.ആർ.അജു, സിവിൽ സ്റ്റേഷൻ ഏരിയാ സെക്രട്ടറി കെ.ആർ.ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷന് മുന്നിൽ സംസ്ഥാന കമ്മിറ്റി അംഗം എ.എൻ.അനിൽകുമാർ, കൊട്ടാരക്കരയിൽ സംസ്ഥാന കമ്മിറ്റി അംഗം മാത്യു.എം.അലക്സ്, പുനലൂരിൽ സംസ്ഥാന കമ്മിറ്റി അംഗം എൻ.സിന്ധു എന്നിവർ ഉദ്ഘാടനം ചെയ്തു.