നഴ്സിംഗ് പഠനം: ഒരു കോടിയുടെ സ്കോളർഷിപ്പ് പ്രഖ്യാപിച്ച് വേൾഡ് മലയാളി കൗൺസിൽ

Wednesday 30 July 2025 12:49 AM IST

ബാങ്കോക്ക്: കേരളത്തിൽ നിന്ന് വിദേശത്ത് നഴ്സിംഗ് പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥിനികൾക്ക് ഒരു കോടി രൂപയുടെ സ്കോളർഷിപ്പ് പ്രഖ്യാപിച്ച് വേൾഡ് മലയാളി കൗൺസിൽ. ബാങ്കോക്കിൽ നടന്ന പതിനാലാം വാർഷിക സമ്മേളനത്തിൽ കൗൺസിലിന്റെ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റ ഡോ. ബാബു സ്‌റ്റീഫൻ ആണ് ഇക്കാര്യം അറിയിച്ചത്.കേരളത്തിലെ 14 ജില്ലകളിൽ നിന്ന് സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുക്കുന്ന 100 വിദ്യാർത്ഥികൾക്ക് ആണ് ആദ്യ അവസരം. വിശദ വിവരങ്ങൾ വൈകാതെ പ്രഖ്യാപിക്കും. വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ ഓഫീസ് ആഗസ്റ്റ് മൂന്നിന് കൊച്ചിയിൽ ഉദ്ഘാടനം ചെയ്യും. വിശ്വ മലയാളി സ്നേഹ സംഗമം എന്ന പേരിൽ റോയൽ ഓർക്കിഡ് ഷെറാട്ടനിൽ മൂന്നു ദിവസമായി നടന്ന വിപുലമായ കൺവെൻഷൻ ഇന്നലെ സമാപിച്ചു. ബാബു സ്റ്റീഫനൊപ്പം ഷാജി മാത്യു (കൗൺസിൽ സെക്രട്ടറി ജനറൽ)​, സണ്ണി വെളിയത്ത് (ട്രഷറർ)​,​ ജെയിംസ് കൂടൽ (വൈസ് പ്രസിഡന്റ്‌ - അഡ്മിൻ)​,​ സുരേന്ദ്രൻ കണ്ണാട്ട് (വൈസ് ചെയർമാൻ)​,​ സെലീന മോഹൻ (വിമൻസ് ഫോറം ചെയർമാൻ)​,​ ഷീല റെജി (വിമൻസ് ഫോറം പ്രസിഡന്റ്‌ )​,​ രേഷ്മ റെജി (യൂത്ത് ഫോറം പ്രസിഡന്റ്‌)​ തുടങ്ങിയ ഭാരവാഹികളും ചുമതലയേറ്റു. മുൻ പ്രസിഡന്റ്‌ തോമസ് മൊട്ടക്കൽ ചെയർമാൻ ആയി തുടരും.