സി.പി.ഐ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം

Wednesday 30 July 2025 12:49 AM IST

കൊല്ലം: സി.പി.ഐ ജില്ലാ സമ്മേളനം ഇന്ന് മുതൽ ആഗസ്റ്റ് മൂന്ന് വരെ കൊല്ലത്ത് നടക്കും. 430 ഓളം പ്രതിനിധികൾ പങ്കെടുക്കും.

ഇന്ന് ഉച്ചയ്ക്ക് 2ന് ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നുള്ള പതാക ജാഥ, കടയ്ക്കൽ വിപ്ലവ സ്മാരകത്തിൽ നിന്നുള്ള കൊടിമര ജാഥ, കോട്ടാത്തല സുരേന്ദ്രൻ രക്തസാക്ഷി മണ്ഡപത്തിൽ നിന്നുള്ള ദീപശിഖാ ജാഥ, ഉളിയനാട് രാജേന്ദ്രൻ സ്മൃതി കുടീരത്തിൽ നിന്നുള്ള ബാനർ ജാഥ എന്നിവ വൈകിട്ട് 4.30ന് കന്റോൺമെന്റ് മൈതാനിയിൽ സംഗമിക്കും. തുടർന്ന് മുതിർന്ന സി.പി.ഐ നേതാവ് എൻ.അനിരുദ്ധൻ പതാക ഉയർത്തും.

വൈകിട്ട് 5ന് കന്റോൺമെന്റ് മൈതാനത്ത് നടക്കുന്ന പാർട്ടി നൂറാം വാർഷികാഘോഷവും കമ്മ്യൂണിസ്റ്റ് കുടുംബ സംഗമവും സി.പി.ഐ ദേശീയ എക്സി. അംഗം അഡ്വ. കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും.

നാളെ വൈകിട്ട് 3ന് കാനം രാജേന്ദ്രൻ നഗറിൽ (കന്റോൺമെന്റ് മൈതാനി) നടക്കുന്ന റെഡ് വോളണ്ടിയർ മാർച്ചും പൊതുസമ്മേളനവും സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ ഉദ്ഘാടനം ചെയ്യും. പി.എസ്.സുപാൽ എം.എൽ.എ അദ്ധ്യക്ഷനാകും. ആഗസ്റ്റ് ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ ആ.രാമചന്ദ്രൻ നഗറിൽ (സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാൾ) നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും.