കടക്കെണിയിൽ വീണ് നൈസമോളുടെ ഉമ്മ

Wednesday 30 July 2025 1:49 AM IST

ചൂരൽമല: ഉരുൾ ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട നൈസമോളും ഉമ്മ ജസീലയും വീട്ടുവാടക പോലും കണ്ടെത്താനാകാതെ വിഷമിക്കുന്നു. മാസം പതിനായിരം രൂപയാണ് വീട്ടു വാടക. 6000 രൂപ സർക്കാർ നൽകും. ബാക്കി 4000 രൂപ കണ്ടെത്താൻ ഒരു മാർഗവുമില്ല. ഇതുകാരണം വാടക കുറഞ്ഞ വീട്ടിലേക്ക് മാറാനുള്ള ശ്രമത്തിലാണിവർ.

ദുരന്തത്തിൽ ഉപ്പ ഷാജഹാൻ, സഹോദരങ്ങളായ ഹീന (16), ഫൈസ (12) എന്നിവരെ നൈസയ്‌ക്ക് നഷ്ടമായി. ഒപ്പം നാലു ബന്ധുക്കളെയും. മേപ്പാടിയിലെ ആശുപത്രി സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നൈസയെ താലോലിക്കുന്ന ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എം.പി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരെല്ലാം നൈസയെ സന്ദർശിച്ചിരുന്നു. നൈസമോളുടെ വിദ്യാഭ്യാസ ചെലവും വി.ഡി. സതീശൻ ഏറ്റെടുത്തു. അത് പുണ്യമെന്ന് ഉമ്മ ജസീല പറഞ്ഞു.

കഴിഞ്ഞ ദിവസം സ്‌കൂൾ അധികൃതരുടെ പേരിൽ ഒരു വർഷത്തെ മുഴുവൻ തുകയും വി.ഡി. സതീശൻ അയച്ചിരുന്നു. മേപ്പാടിയിലെ അലിഫ് പബ്ളിക് സ്കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിയാണ് നൈസ. ദുരന്തത്തിൽ നൈസയുടെ കുടുംബത്തിന്റെ കാറും സ്‌കൂട്ടറും ബുള്ളറ്റുമുൾപ്പെടെയുള്ള വാഹനങ്ങൾ നഷ്ടമായിരുന്നു.