'പ്രിയപ്പെട്ട ഓർമ്മകൾ ഉറക്കം കെടുത്തുന്നു": അതിജീവന ഓർമ്മകളിൽ ബേബി

Wednesday 30 July 2025 1:53 AM IST

ചൂരൽമല: 'എല്ലാം അതിജീവിക്കണമെന്ന് പറയുമ്പോഴും പ്രിയപ്പെട്ടവരുടെ ഓർമ്മകൾ ദിവസവും ഉറക്കം കെടുത്തുകയാണെന്ന് ചൂരൽമലയിലെ ആശാവർക്കറായ ഷൈജ ബേബി പറഞ്ഞു. 'മുമ്പ് ഒരു ദിവസം മൂന്നും നാലും തവണ മുണ്ടക്കൈ ചൂരൽമല പ്രദേശങ്ങളിലെ വീടുകളിലെത്തിയിരുന്നു. പ്രതിസന്ധി ഘട്ടത്തിൽ നെഞ്ചോടു ചേർത്തുപിടിച്ചവരാണ് ഇല്ലാതായത്. എങ്ങനെ സഹിക്കും ഇതൊക്കെ"- ഷൈജ ബേബി പറഞ്ഞു.

ദുരന്തത്തെ തുടർന്ന് പതിനൊന്ന് ദിവസം മേപ്പാടിയിലെ മോർച്ചറിയിലായിരുന്നു ഷൈജ. കുടുംബത്തിലെ 10 പേരെ ദുരന്തം കവർന്നെടുത്തതിന്റെ വിഷമം ഉള്ളിലൊതുക്കിയാണ് മാേർച്ചറിയിൽ സജീവമായത്. മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ഓരോ വീട്ടുകാരെയും തിരിച്ചറിയാവുന്ന ഷൈജയാണ് മണ്ണിൽ പുതഞ്ഞ മൃതദേഹങ്ങൾ തിരിച്ചറിയാൻ സഹായിച്ചത്.

ഷൈജയുടെ ഭർത്താവ് ബേബി കടബാദ്ധ്യതയെ തുടർന്ന് 2005ൽ ഗൾഫിൽ ആത്മഹത്യ ചെയ്തിരുന്നു. ഇരുപത്തിയഞ്ചാം വയസിൽ രണ്ടും നാലും വയസുള്ള കുട്ടികളുമായി അലയാൻ തുടങ്ങി. അന്ന് കൂടപ്പിറപ്പുകളെപ്പോലെ ചേർത്തുപിടിച്ചത് മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ജനങ്ങളായിരുന്നു. 2009ലാണ് ആശാവർക്കറായത്. 2015ൽ മേപ്പാടി ഗ്രാമ പഞ്ചായത്ത് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായി.