തലയെടുപ്പോടെ ബെയ്ലി പാലം

Wednesday 30 July 2025 1:59 AM IST

ചൂരൽമല: മുണ്ടക്കൈ ദുരന്തസമയത്ത് നാട്ടുകാർക്ക് വഴിയൊരുക്കിയ ബെയ്ലി പാലം തലയെടുപ്പോടെ ഇപ്പോഴും പുന്നപ്പുഴയ്‌ക്ക് കുറുകേയുണ്ട്. ദുരന്തശേഷം 36 മണിക്കൂർ കൊണ്ടാണ് സൈന്യം ഉരുക്കുപാലം നിർമ്മിച്ചത്. 2024 ജൂലായ് 31ന് നിർമ്മാണം ആരംഭിച്ച പാലം ആഗസ്റ്റ് ഒന്നിന് വൈകിട്ടോടെ പൂർത്തിയായി. ആർമിയുടെ മദ്രാസ് എൻജിനിയറിംഗ് ഗ്രൂപ്പിലെ 250 സൈനികരാണ് പാലം നിർമ്മിച്ചത്.

മുണ്ടക്കൈയിലെയും അട്ടമലയിലെയും ജനങ്ങൾക്ക് ഇപ്പോഴും ആശ്രയം ബെയ്‌ലി പാലമാണ്. അടുത്തിടെ സൈന്യം പാലത്തിൽ അറ്റകുറ്റപ്പണിയും നടത്തിയിരുന്നു. 35 കോടിയുടെ പുതിയ പാലത്തിന് സർക്കാർ ഭരണാനുമതി ആയിട്ടുണ്ട്. പ്ളാനും തയ്യാറായി. ഉരുൾ വന്നതിനും ഉയരത്തിലാണ് പാലം നിർമ്മിക്കുക.