തടവുകാരെ കുത്തിനിറച്ച് ജില്ലയിലെ ജയിലുകൾ

Wednesday 30 July 2025 1:01 AM IST

മലപ്പുറം: ജില്ലയിലെ അഞ്ച് ജയിലുകളിലും തടവുകാരുടെ എണ്ണം ഉൾക്കൊള്ളാവുന്നതിലും ഏറെ അധികം. ഇവിടങ്ങളിൽ ആകെ 681 തടവുകാരെ പാർപ്പിക്കാനുള്ള അനുമതിയും സൗകര്യങ്ങളുമാണ് ഉള്ളതെങ്കിലും 926 തടവുകാരെ പ്രവേശിപ്പിച്ചിട്ടുണ്ട്. 245 തടവുകാർ അധികമാണ്. ആകെയുള്ള തടവുകാരിൽ ഒരാൾ മാത്രമാണ് സ്ത്രീ. തവനൂർ സെൻട്രൽ ജയിൽ, മഞ്ചേരി സ്‌പെഷൽ സബ് ജയിൽ, പെരിന്തൽമണ്ണ, തിരൂർ, പൊന്നാനി എന്നിവിടങ്ങളിൽ സബ് ജയിലുകളുമാണ് ജില്ലയിലുള്ളത്. ഇതിൽ മഞ്ചേരി സ്‌പെഷൽ ജയിലിൽ മാത്രമാണ് വനിതകളെ പ്രവേശിപ്പിക്കാൻ അനുമതിയുള്ളത്. ഇവിടെ 12 വനിത തടവുകാർക്ക് സൗകര്യമുണ്ട്.

അനുവദനീയമായ തടവുകാരുടെ എണ്ണത്തിന് ആനുപാതികമായുള്ള ജീവനക്കാർ ജയിലുകളിൽ ഉണ്ടെങ്കിലും കൂടുതൽ തടവുകാരെ പ്രവേശിപ്പിക്കുന്നത് സുരക്ഷാ ഭീഷണിയടക്കം സൃഷ്ടിക്കുന്നുണ്ട്. തവനൂരിൽ 90 എ.പി.ഒമാർ വേണ്ടിടത്ത് അടുത്തിടെ വരെ 27 പേരാണ് ഉണ്ടായിരുന്നത്. നിലവിൽ ജീവനക്കാരുടെ ഒഴിവുകൾ നികത്തിയിട്ടുണ്ടെന്ന് ജയിൽ സൂപ്രണ്ട് പറഞ്ഞു. തടവുകാരുടെ എണ്ണം വർദ്ധിക്കുമ്പോൾ ജോലി ഭാരം കൂടുക എ.പി.ഒമാർക്കാണ്. ഒരു എ.പി.ഒയ്ക്ക് ആറ് തടവുകാരുടെ ചുമതലയേ പാടുള്ളൂ. നിലവിലെ സാഹചര്യത്തിൽ ഇത് പ്രായോഗികമല്ല. തടവുകാരെ നിയന്ത്രിക്കുക, സെല്ലുകളിലെയും ബ്ലോക്കുകളിലെയും നിരീക്ഷണം, ആശുപത്രിയിൽ കൊണ്ടുപോകൽ, ഗേറ്റ് കാവൽ തുടങ്ങിയ ചുമതലകൾ എ.പി.ഒമാർക്കാണ്.

ജയിൽ : അനുവദനീയം - നിലവിൽ - അധികം

തവനൂർ: 568 ............ 697 .............. 129

മഞ്ചേരി: 42 ............... 99 ................ 57

പെരിന്തൽമണ്ണ: 29 .............. 46 ............... 17

പൊന്നാനി : 22 ............... 37 ................ 15

തിരൂർ : 20 ............... 47 .................. 27

സൗകര്യങ്ങളിൽ മുന്നിൽ

മൂന്ന് നിലകളിൽ സെല്ലുകളുള്ള സംസ്ഥാനത്തെ ഏക സെൻട്രൽ ജയിലാണിത്. 34 ബാരക് സെല്ലുകളും 24 സാധാരണ സെല്ലുകളും ട്രാൻസ്‌ജെൻഡേഴ്സിനായി രണ്ട് സെല്ലുകളുമുണ്ട്. 2,746 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് സെല്ലുകൾ. 16 പേരെ കിടത്താനാവും. തടവുകാർക്കായി 168 ശൗചാലയങ്ങളുണ്ട്. വിശാലമായ അടുക്കളയും വിദ്യാഭ്യാസത്തിനും തൊഴിൽ പരിശീലനത്തിനുമായി പ്രത്യേകം മുറികളും ​അരയേക്കർ നടുമുറ്റവും. 32.85 കോടി രൂപ ചെലവിട്ടാണ് ജയിൽ നിർമ്മിച്ചത്.