ട്രാഫിക് നിയമ ലംഘനം: ഒരേ കുറ്റത്തിന് ഇരട്ടപ്പിഴ, പിഴ ഒടുക്കിയിട്ടും വീണ്ടും നോട്ടീസ്

Wednesday 30 July 2025 1:05 AM IST

തിരുവനന്തപുരം: ട്രാഫിക് നിയമ ലംഘനത്തിന് നിശ്ചിത സമയത്തിനകം ഓൺലൈനായി പിഴയൊടുക്കിയതിന് പിന്നാലെ അതേ കുറ്റത്തിന് വീണ്ടും പിഴ നോട്ടീസ്. ഇ- കോടതി മുഖേനയാണ് രണ്ടാമത്തെ നോട്ടീസ്. അടച്ചില്ലെങ്കിൽ തുടർ സേവനങ്ങൾ തടസപ്പെടുമെന്നതിനാൽ വാഹന ഉടമകൾ ആശങ്കയിൽ.

പരിവാഹൻ സൈറ്റ് നേരത്തെ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ആ സമയത്തുണ്ടായ പിഴവാണ് കാരണമെന്നാണ് സൂചന. എന്നാൽ, ഇത് മോട്ടോർ വാഹന വകുപ്പ് സ്ഥിരീകരിക്കുന്നില്ല.

ചുമത്തപ്പെടുന്ന പിഴ നിശ്ചിത ദിവസത്തിനുള്ളിൽ ഓൺലൈനായി 'ഇ- ചെലാൻ' സോഫ്റ്റ് വെയറിലൂടെ അടച്ചില്ലെങ്കിലാണ് ഇ- കോടതിക്ക് (വെർച്വൽ കോടതി) സാധാരണ കൈമാറുന്നത്. എന്നാൽ, പിഴ ഒടുക്കിയിട്ടും വീണ്ടും നോട്ടീസ് വരുന്നതാണ് സൈറ്റിന്റെ പിഴവാണ് കാരണമെന്ന വിലയിരുത്തലുണ്ടാകുന്നത്.

പിഴ ഒടുക്കിയില്ലെങ്കിൽ വാഹനങ്ങളുടെ ഫിറ്റ്നസ്, പെർമിറ്റ് പുതുക്കൽ തുടങ്ങിയ സേവനങ്ങൾ തടസപ്പെടുമെന്നതിനാൽ വീണ്ടും പിഴ അടയ്ക്കാൻ ഉടമകൾ നിർബന്ധിതരാകുന്നു. ഇരട്ടി നഷ്ടമാണ് ഇതിലൂടെ വാഹന ഉടമകൾക്ക് ഉണ്ടാകുന്നത്. ബദൽ ക്രമീകരണം ഇതുവരെ മോട്ടോർ വാഹന വകുപ്പ് ഏർപ്പെടുത്തിയിട്ടുമില്ല.

ഓൺലൈൻ തട്ടിപ്പോ?

വെർച്വൽ കോടതി വഴി വീണ്ടും പിഴ നോട്ടീസ് വരുന്നത് ഓൺലൈൻ തട്ടിപ്പാണോ എന്ന സംശയവും വാഹന ഉടമകൾക്കുണ്ട്. ഇത്തരം സൈബർ തട്ടിപ്പുകൾ വ്യാപകമായി നടക്കുന്നതാണ് കാരണം.