അടിസ്ഥാന സൗകര്യങ്ങളില്ല: രാജീവ് നഗര്‍ നിവാസികള്‍ക്ക് ദുരിത ജീവിതം
കാളികാവ്: അടിസ്ഥാനസൗകര്യങ്ങളില്ലാത്തതിനാൽ ദുരിതജീവിതവുമായി ചോക്കാട് ചുണ്ടക്കുന്ന് രാജീവ് ലക്ഷം വീട് നഗര്‍ നിവാസികള്‍. അമ്പത് കുടുംബങ്ങള്‍ ജീവിക്കുന്ന ഇവിടെ കുടിവെള്ളത്തിനു പോലും ബുദ്ധിമുട്ടുകയാണ്. ചോര്‍ന്നൊലിക്കാത്ത ഒറ്റ വീടുപോലുമില്ല. ഒറ്റ വീട്ടിലേക്കും വണ്ടിയെത്താനുള്ള സൗകര്യവുമില്ല. ലക്ഷം വീട് നഗര്‍ നിലവില്‍ വന്ന് 40 വര്‍ഷമായിട്ടും സഞ്ചാരയോഗ്യമായ റോഡുമില്ല. ചോര്‍ന്നൊലിക്കുന്ന മുഴുവന്‍ വീടുകള്‍ക്കു മുകളിലും പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചിരിക്കുകയാണ്. മാസങ്ങളായി തൊഴിലില്ലാതായതിനാല്‍ അര്‍ദ്ധ പട്ടിണിയിലുമാണ് കടുംബങ്ങള്‍. നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അശാസ്ത്രീയമായ പണിത മിക്ക വീടുകളും തകര്‍ച്ചാ ഭീഷണിയിലുമാണ്. റോഡില്ലാത്തതിനാല്‍ അസുഖബാധിതരെ കസേരയിലിരുത്തി ചുമന്നാണ് മെയിന്‍ റോഡിലെ വണ്ടിയിലേക്ക് എത്തിക്കുന്നത്. സംസ്ഥാന ഭവനനിര്‍മ്മാണ ബോഡില്‍ നിന്നാണ് ഇവര്‍ക്ക് വീട് ലഭിച്ചത്. നേരത്തെ വീടിനു മുന്നിലൂടെയുണ്ടായിരുന്ന മണ്‍പാത മണ്ണൊലിപ്പു മൂലം തോടുപോലെയായി. ചെറുകിട വാഹനങ്ങള്‍ ഒന്നും ഇവിടേക്ക് വരാറില്ല. നാട്ടിലുള്ള ഗ്രാമീണ റോഡുകള്‍ മുഴുവനും പഞ്ചായത്ത് ഫണ്ടുപയോഗിച്ച് ടാറിംഗും കോണ്‍ക്രീറ്റും നടത്തിയപ്പോഴും ഒരു രൂപ പോലും ഇക്കാലം വരെ പഞ്ചായത്ത് ഫണ്ട് ഇവിടേക്ക് അനുവദിച്ചിട്ടില്ല. മാറിമാറി വന്ന പഞ്ചായത്ത് ഭരണ സമിതികളും വാര്‍ഡ് മെമ്പര്‍മാരും തങ്ങളെ തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് കുടുംബങ്ങള്‍ പറയുന്നത്. 40 വർഷം മുമ്പ് നിര്‍മ്മിച്ചതും പ്ലാസ്റ്ററിംഗ് നടത്താത്തതുമായ വീടുകള്‍ ആകെ ദ്രവിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണിക്ക് ഒരു രൂപപോലും പഞ്ചായത്തില്‍ നിന്ന് ഇത് വരെ ഒരു കുടുംബങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. കുടിവെള്ളത്തിന്റെ കാര്യത്തിലും കടുത്ത ദുരിതമാണ് ഈ കുടുംബങ്ങള്‍ അനുഭവിക്കുന്നത്. പൊതുഫണ്ടുപയോഗിച്ചുള്ള ഒരു കുടിവെള്ള സ്രോതസ്സും ഉപയോഗത്തിലില്ല. കോളനിക്കാര്‍ സ്വന്തം പണംമുടക്കി പുറത്തുനിന്ന് വെള്ളമെത്തിക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. പഞ്ചായത്ത് വക ഒരു കിണറുണ്ടെങ്കിലും ഇതിലെ വെള്ളം കുടിക്കാന്‍ പറ്റുന്നുമില്ല. ചുണ്ടക്കുന്ന് രാജീവ് നഗറിലെ കുടുംബങ്ങളുടെ പ്രയാസം ഈ ഭരണ സമിതിയില്‍ ആരും ഉന്നയിച്ചിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഇ.പി സിറാജുദ്ദീന്‍ പറഞ്ഞു.
ചുണ്ടക്കുന്ന് രാജീവ് നഗറില്‍ ചോര്‍ന്നൊലിക്കുന്ന വീടിനുമുകളില്‍ പ്ലാസ്റ്റിക് വിരിച്ച നിലയില്‍.