സതീശനെ വനവാസത്തിന് സമ്മതിക്കില്ല: കുഞ്ഞാലിക്കുട്ടി

Wednesday 30 July 2025 1:07 AM IST

മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ രാഷ്ട്രീയ വനവാസത്തിന് പോകാൻ സമ്മതിക്കില്ലെന്നും ആ പേടി വേണ്ടെന്നും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾ, വി.‌‌ഡി. സതീശൻ എന്നിവർക്കൊപ്പം പാണക്കാട് വച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വി.ഡി. സതീശന് ലീഗ് പൂർണ പിന്തുണ നൽകും..

യു.ഡി.എഫിനെ തിളക്കമാർന്ന വിജയത്തിൽ അധികാരത്തിലെത്തിക്കാനായില്ലെങ്കിൽ വനവാസമെന്നാണ് പറഞ്ഞതെന്നും അത് ആത്മവിശ്വാസമാണെന്നും വി.ഡി. സതീശൻ

വ്യക്തമാക്കി. ഉജ്ജ്വല ഭൂരിപക്ഷത്തോടെ യു.ഡി.എഫിന് അധികാരത്തിൽ തിരിച്ചു വരാനാകും. അതിൽ നിർണായകമായ പങ്ക് ലീഗ് വഹിക്കും. സമുദായത്തെയും ജില്ലയെയും രാഷ്ട്രീയ പ്രസ്ഥാനത്തെയും അധിക്ഷേപിച്ചപ്പോൾ അങ്ങനെ പറയരുതെന്ന് മിതമായ വാക്കുകളിലാണ് താൻ പറഞ്ഞത്. ശ്രീനാരായണ ഗുരുദേവൻ എന്ത് പറയരുതെന്നും എന്ത് ചെയ്യരുതെന്നുമാണ് പറഞ്ഞിരിക്കുന്നത്,​ അത് പറയരുതെന്നാണ് വിനീതമായി പറഞ്ഞത്. ആരോടും വ്യക്തിപരമായ പ്രശ്നങ്ങളില്ല. ഏതു തരത്തിലുള്ള വർഗീയതയെയും വിദ്വേഷ പ്രചാരണത്തെയും യു.ഡി.എഫ് എതിർക്കും. വിദ്വേഷ പ്രചാരണത്തിന് പിന്നിൽ സി.പി.എമ്മുണ്ട്. ലീഗിന് തീവ്രത പോരെന്ന് പറഞ്ഞ് നിലവിൽ വന്ന എല്ലാ ശക്തികളെയും പ്രോത്സാഹിപ്പിക്കുന്നത് സി.പി.എമ്മാണെന്നും,സതീശൻ പറഞ്ഞു.