ശബരി റെയിൽ: പകുതി ചെലവ് കീറാമുട്ടി രേഖാമൂലം അറിയിക്കാൻ റെയിൽവേ നിർദ്ദേശം
തിരുവനന്തപുരം: അങ്കമാലി- എരുമേലി ശബരിപാതയ്ക്കായി പകുതി ചെലവ് വഹിക്കുന്നത് സംബന്ധിച്ച് രേഖാമൂലം അറിയിക്കാൻ ചീഫ്സെക്രട്ടറിക്ക് റെയിൽവേ ബോർഡ് നിർദ്ദേശം നൽകി. 3800.93കോടിയാണ് ചെലവ്. പകുതി തുകയായ 1900.47കോടി കേരളം നൽകണം. കിഫ്ബിയിൽ നിന്ന് തുക നൽകിയാൽ, അത് സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നാണ് സർക്കാർ നിലപാട്. ഇന്നലെ റെയിൽവേ ബോർഡ് അംഗം രാജേഷ് അഗർവാളുമായുള്ള കൂടിക്കാഴ്ചയിൽ ചീഫ്സെക്രട്ടറി ഡോ.എ.ജയതിലക് ഈ നിലപാട് ആവർത്തിച്ചു. ഉപാധികളില്ലാതെ ചെലവ് പങ്കിടണമെന്നും ഭൂമിവില കേരളത്തിന്റെ ഓഹരിയാക്കാമെന്നുമുള്ള കേന്ദ്രനിലപാട് ബോർഡംഗം ആവർത്തിച്ചു. ചെലവ് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ആലോചിച്ചശേഷം അറിയിക്കാമെന്ന് ചീഫ്സെക്രട്ടറി മറുപടി നൽകി.
സ്ഥലമേറ്റെടുക്കൽ ഉടൻ തുടങ്ങണമെന്ന് ബോർഡംഗം ആവശ്യപ്പെട്ടു. അതിന് പദ്ധതി മരവിപ്പിച്ച 2019ലെ ഉത്തരവ് റദ്ദാക്കണമെന്ന് ചീഫ്സെക്രട്ടറി ചൂണ്ടിക്കാട്ടി. പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി പ്രഖ്യാപിച്ച സാഹചര്യത്തിൽ, മരവിപ്പിക്കൽ റദ്ദാക്കുന്ന ഉത്തരവ് പിന്നാലെ വരുമെന്ന് ബോർഡംഗം അറിയിച്ചു.
സംസ്ഥാനം സ്വന്തം ചെലവിൽ ഭൂമിയേറ്റെടുക്കണമെന്നാണ് റെയിൽവേയുടെ നിർദ്ദേശം. ഇതിന് 1400കോടിയോളം മുടക്കേണ്ടിവരും.
ചെലവ് പങ്കിടുന്നത് സംബന്ധിച്ച് റിസർവ് ബാങ്ക്, റെയിൽവേ, കേരളം എന്നിവയുൾപ്പെടുന്ന ത്രകക്ഷി കരാർ ഒപ്പിടണമെന്ന കേന്ദ്ര നിർദേശം കേരളം തള്ളിയിരുന്നു. കിഫ്ബിയുടെ മേജർ ഇൻഫ്രാസ്ട്രക്ചർ ഡെലവപ്മെന്റ് പ്രോജക്ട് (എം.ഐ.ഡി.പി) ഫണ്ടിൽ നിന്ന് പണം നൽകുമെന്ന് ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഉപാധി പാടില്ലെന്ന് റെയിൽവേ നിലപാടെടുത്തതോടെ തുടർനടപടികളുണ്ടായില്ല.
അങ്കമാലി മുതൽ എരുമേലി വരെ മുഴുവൻ ഭൂമിയുമേറ്റെടുത്താലേ നിർമ്മാണം ആരംഭിക്കൂവെന്നാണ് റെയിൽവേയുടെ നിലപാട്. അങ്കമാലി-രാമപുരം, രാമപുരം-എരുമേലി എന്നിങ്ങനെ രണ്ടുഘട്ടങ്ങളായി സിംഗിൾലൈൻ നിർമ്മിക്കാനായിരുന്നു കേരളത്തിന്റെ ആവശ്യം.ഒറ്റഘട്ടമായി പാതയുടെ നിർമ്മാണം പൂർത്തിയാക്കണമെന്നും ഭാഗികമായുള്ള കമ്മിഷനിംഗ് നടപ്പില്ലെന്നും ദക്ഷിണ റെയിൽവേയുടെ ചീഫ് അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ (കൺസ്ട്രക്ഷൻ) സർക്കാരിനെ അറിയിച്ചിരുന്നു.