ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം

Wednesday 30 July 2025 1:40 AM IST

□മൈലക്കാട് സ്വദേശിക്കായി ലുക്ക് ഔട്ട് നോട്ടീസ്

കൊല്ലം: ട്രാൻസ്പോർട്ട് ബസിനുള്ളിൽ യാത്രക്കാരിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ മൈലക്കാട് സ്വദേശി സുനിക്കായി കൊല്ലം സിറ്റി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. യാത്രക്കാരി പകർത്തിയ നഗ്നതാ പ്രദർശനത്തിന്റെ ദൃശ്യം നവമാദ്ധ്യമങ്ങളിൽ വൈറലായി. പ്രതിയെ തിരിച്ചറിഞ്ഞ സമീപവാസികൾ മൈലക്കാട്ടെ വീട്ടിലെത്തി ബഹളം വച്ചതോടെ പൊലീസെത്തും മുമ്പേ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.

തിങ്കളാഴ്ച രാത്രി 10.50 ഓടെയായിരുന്നു സംഭവം. കൊല്ലം സ്വദേശിനിയായ യുവതി പി.എസ്.സി കമ്പെയ്ൻ സ്റ്റഡി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ കൊട്ടിയം ജംഗ്ഷനിൽ നിന്ന് മാവേലിക്കര ഫാസ്റ്റ് പാസഞ്ചർ ബസിൽ കയറി. മുന്നിൽ നിന്ന് മൂന്നാമത്തെ സീറ്റിലാണ് ഇരുന്നത്. ബസ് മേവറം എത്തിയതോടെ എതിർവശത്തെ സീറ്റിലിരിക്കുകയായിരുന്ന മൈലക്കാട് സ്വദേശി തുടർച്ചയായി നഗ്നതാ പ്രദർശനം നടത്തി.ഇതോടെ യുവതി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. യുവതിക്ക് പിന്നാലെ മൈലക്കാട് സ്വദേശിയും കൊല്ലം ഡിപ്പോയിൽ ഇറങ്ങി. യുവതിയെ വിളിക്കാൻ സഹോദരൻ എത്തിയതോടെ പ്രതി മറ്റൊരു ബസിൽ കയറി സ്ഥലം വിട്ടു.യുവതി ഇന്നലെ രാവിലെ സിറ്റി പൊലീസ് കമ്മിഷണർക്ക് ദൃശ്യങ്ങൾ സഹിതം പരാതി നൽകി. വീട്ടിലെത്തി ബഹളം വച്ചവരോട് താനല്ല ദൃശ്യങ്ങളിലുള്ളതെന്നും അപ്പോൾ താൻ വീട്ടിലായിരുന്നുവെന്നുമാണ് പ്രതി പറഞ്ഞത്. നാട്ടുകാർ മടങ്ങിയതോടെ പെയിന്റിംഗ് തൊഴിലാളിയായ പ്രതി സ്ഥലം വിടുകയായിരുന്നു.